ഭൂകമ്പ മാപിനി ആദ്യം ഉപയോഗിച്ചത് ചൈനക്കാർ. ഭൂകമ്പത്തിന്റെ തോത് അറിയാനുള്ള ആദ്യ ഉപകരണം രണ്ടായിരം വർഷങ്ങൾക്കപ്പുറം ചൈനയ്ക്കുണ്ടായിരുന്നു. സീസ്മസ്‌കോപ്പ് എന്നും സീസ്‌മോ മീറ്റർ എന്നും അറിയപ്പെടുന്ന ഉപകരണത്തിന്റെ ആദ്യ രൂപമായിരുന്നു ഇത്. ഭൂകമ്പവും തുടർചലനങ്ങളും ഭുതലത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, അഗ്നി പർവതത്തിൽ നിന്നുള്ള ലാവാ പ്രവാഹം, അഗ്നിപർവത സ്‌ഫോടനം എന്നിവയെല്ലാം രേഖപ്പെടുത്താൻ ഈ ഉപകരണം സഹായകമായിരുന്നു.
ഇക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിലുള്ള ആയിരക്കണക്കിന് ഉപകരണങ്ങളുണ്ട്. ഭൂകമ്പമുണ്ടാവുന്നത് മുതൽ തുടർ ചലനങ്ങളും മറ്റു വിശദ വിവരങ്ങളുമെല്ലാം സൂക്ഷ്മമായി രേഖപ്പെടുത്തുന്ന ഈ ഉപകരണങ്ങൾ സീസ്‌മോളജിസ്റ്റുകൾക്ക് ഏറെ സഹായകമാണ്. ഇതൊക്കെയാണെങ്കിലും നേരത്തേ ഭൂകമ്പം പ്രവചിക്കാനുള്ള സംവിധാനം ഇപ്പോഴുമില്ല. ഝാംഗ് ഹെംഗ് എന്ന ചൈനീസ് ബഹുമുഖ പ്രതിഭയാണ് ആദ്യ ഉപകരണം കണ്ടു പിടിച്ചത്. ഗണിത ശാസ്ത്രം, എൻജിനിയറിംഗ്, അസ്‌ട്രോണമി എന്നീ രംഗങ്ങളിലെല്ലാം ശോഭിച്ച ഹെംഗ് എഡി 132ലാണ് ആദ്യ ഭൂകമ്പ മാപിനി കണ്ടു പിടിച്ചത്. ജാറിന്റെ ആകൃതിയിലുള്ള ഉപകരണം എവിടെ വെച്ചാലും ഭൂകമ്പമുണ്ടാക്കിയ നാശത്തിന്റെ തോത് കൃത്യമായി രേഖപ്പെടുത്താനാവും. ഉപകരണം സീസ്മിക് തരംഗങ്ങളുടെ സാമീപ്യം അടുത്തറിയുമ്പോൾ ഇതിന് മുകളിലെ ഗോളങ്ങൾ താഴേക്ക് പതിക്കും. ഇതിന്റെ ശബ്ദത്തിലൂടെ നിരീക്ഷകർക്ക് ഭൂകമ്പത്തെ കുറിച്ച് മനസ്സിലാക്കാവുന്നതാണ്. അത് ലോകത്തിന്റെ ഏത് ഭാഗത്തായാലും. കിഴക്ക് എവിടെയോ നടന്ന ഭൂകമ്പമാണ് ഈ യന്ത്രം ആദ്യമായി രേഖപ്പെടുത്തിയത്.