ഹാരിസിന്റെ വീട്ടിലെത്തി ആരോഗ്യ വകുപ്പ്  ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ ശേഖരിച്ചു

കോഴിക്കോട്- നിപ വ്യാപനം പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ ജില്ലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ജില്ലയില്‍ 2200 ഓളം പേര്‍ക്ക് പനി സ്ഥിരീകരിച്ചു. നിപ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക കൂടി ചെയ്തതോടെ പ്രതിസന്ധി രൂക്ഷമാവുകയാണ്. പനി ബാധിച്ച പലരും ഭയപ്പെട്ട് ആശുപത്രിയില്‍ പോവാതിരിക്കുന്ന സാഹചര്യവുമുണ്ട്. ഗവ. ബീച്ച് ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ്, താമരശ്ശേരി, വടകര തുടങ്ങിയ താലൂക്ക് ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രോഗികളുടെ തിരക്ക് വര്‍ദ്ധിച്ചു. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്ന പനി ബാധിതരുടെ എണ്ണവും കൂടുതലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നിന്റെ ലഭ്യതക്കുറവുണ്ട്.
ജില്ലയില്‍ ഡെങ്കിപ്പനി, എലിപ്പനി കേസുകളും ഉയരുന്നുണ്ട്. ചുമയും പനിയുമായി നിരവധി പേരാണ് ആശുപത്രികളില്‍ എത്തുന്നത്. നിപയുടെ പശ്ചാത്തലത്തില്‍ പനി വിട്ടുമാറാതെ നില്‍ക്കുകയോ പെട്ടെന്ന് അപസ്മരം, ശ്വാസതടസം, വിട്ടുമാറാത്ത ചുമ പോലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ ഉടന്‍ തന്നെ പരശോധനയ്ക്ക് എത്തേണ്ടതാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറഞ്ഞു.സ്വയം ചികിത്സ പാടില്ല. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം മരുന്ന് കഴിക്കുക. കൈകള്‍ ഇടയ്ക്കിടെ ശുദ്ധമായ വെള്ളത്തില്‍ കഴുകുക. തിളപ്പിച്ചാറിയ വെള്ളം മൂന്ന്, നാല് ലിറ്ററെങ്കിലും ദിവസേന കുടിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. ഇടയ്ക്കിടക്ക് കണ്ണ്, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധക്കേണ്ടതുണ്ട്.അതിനിടെ, നിപയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണപ്പെട്ട ആയഞ്ചേരി മംഗലാട് മമ്പിളിക്കുനി ഹാരിസിന്റെ വീട്ടില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സാമ്പിളുകള്‍ ശേഖരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ സാംക്രമിക രോഗ നിയന്ത്രണ കോഡനേറ്റര്‍ ഡോ. ബിന്ദു, ഡോ. രജസി, ഡോ: കെ. വി. അമൃത, ഡോ. സാജന്‍ എന്നിവരടങ്ങുന്ന സംഘമാണ് മരണ വീട് സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചത്. വീട്ടില്‍ നിന്നും പരിസരത്ത് നിന്നുമായി വവ്വാലുകള്‍ കടിച്ച അടയ്ക്കകളും മറ്റു പഴവര്‍ഗങ്ങളും സംഘം ശേഖരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച കോള്‍ സെന്ററില്‍ ഇതുവരെ 326 ഫോണ്‍ കോളുകള്‍ ലഭിച്ചു. 311 പേര്‍ വിവരങ്ങള്‍ അറിയാനും നാലുപേര്‍ സ്വയം കേസ് റപ്പോര്‍ട്ട് ചെയ്യാനുമാണ് കോള്‍ സെന്ററുമായി ബന്ധപ്പെട്ടത്.

Latest News