Sorry, you need to enable JavaScript to visit this website.

ഇന്ത്യ-പാക് ഫൈനല്‍? കലമുടക്കാന്‍ ശ്രീലങ്ക

കൊളംബൊ - ചരിത്രത്തിലാദ്യമായി ഇന്ത്യയും പാക്കിസ്ഥാനും ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടുമോ? ഇന്ത്യ ഫൈനലില്‍ സ്ഥാനം പിടിച്ചു. പാക്കിസ്ഥാന്‍ ഫൈനലിലെത്തുമോയെന്ന് നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയുമായുള്ള ഇന്നത്തെ മത്സരമാണ് തീരുമാനിക്കുക. ഏഷ്യാ കപ്പില്‍ എന്നും ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനലിന്റെ സാധ്യതകള്‍ തകര്‍ത്തത് ശ്രീലങ്കയാണ്. ഏഷ്യാ കപ്പ് ഏകദിന ടൂര്‍ണമെന്റുകളുടെ 39 വര്‍ഷത്തെ ചരിത്രത്തില്‍ രണ്ടു തവണയൊഴികെ എല്ലായ്‌പോഴും ശ്രീലങ്ക ഫൈനലിലെത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട കളികളില്‍ അവര്‍ അപൂര്‍വമായേ പരാജയപ്പെടാറുള്ളൂ. 
സൂപ്പര്‍ ഫോറില്‍ രണ്ടു ടീമുകളും ഇന്ത്യയോട് തോറ്റു. രണ്ട് ടീമുകളും ബംഗ്ലാദേശിനെ തോല്‍പിക്കുകയും ചെയ്തു. ബംഗ്ലാദേശ് പുറത്തായി. ഇന്നത്തെ പാക്കിസ്ഥാന്‍-ശ്രീലങ്ക മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക. മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടി വരികയാണെങ്കില്‍ മികച്ച റണ്‍റെയ്റ്റുള്ള ശ്രീലങ്ക ഫൈനലിലെത്തും. ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ മത്സരം റിസര്‍വ് ദിനത്തിലാണ് പൂര്‍ത്തിയാക്കാനായത്. എന്നാല്‍ ഇന്നത്തെ മത്സരത്തിന് റിസര്‍വ് ദിനമില്ല. 
ടൂര്‍ണമെന്റില്‍ രണ്ടു തവണ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടി. മൂന്ന് മത്സരങ്ങള്‍ക്ക് സാധ്യതയുള്ള വിധത്തിലാണ് മത്സരക്രമം നിശ്ചയിച്ചത്. പാക്കിസ്ഥാന്‍ പെയ്‌സ്ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ ആദ്യ മത്സരം മഴ കാരണം പൂര്‍ത്തിയാക്കാനായില്ല. രണ്ട് ദിനങ്ങളിലായി പൂര്‍ത്തിയായ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും മുന്നില്‍ പാക്കിസ്ഥാന്‍ തകര്‍ന്നടിഞ്ഞു. അത് അവരുടെ റണ്‍റെയ്റ്റിനെ ഗുരുതരമായി ബാധിക്കുകയും ചെയ്തു. 
പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള 155 കളികളില്‍ 92 കളികളും ജയിച്ചത് പാക്കിസ്ഥാനാണ്. എന്നാല്‍ ഏഷ്യാ കപ്പില്‍ ശ്രീലങ്കക്കാണ് മികച്ച റെക്കോര്‍ഡ്. 14 മത്സരങ്ങളില്‍ പത്തും ശ്രീലങ്ക ജയിച്ചു. പക്ഷെ അവസാന അഞ്ച് കളികളും ജയിച്ചത് പാക്കിസ്ഥാനാണ് എന്നതാണ് കൗതുകം. രണ്ട് ടീമുകളും അവസാനമായി ഏറ്റുമുട്ടിയത് 2019 ലാണ്. അതിനു ശേഷം ഇരു ടീമുകളും അടിമുടി മാറി. അതിനാല്‍ ഇന്നത്തെ കളി പ്രവചനാതീതമാണ്. പാക്കിസ്ഥാന്‍ ഇപ്പോള്‍ ഏകദിനത്തില്‍ ഒന്നാം റാങ്കുകാരാണ്. ശ്രീലങ്കയാവട്ടെ അവസാന 14 കളികളില്‍ പതിമൂന്നും ജയിച്ചു, 14 കളിയിലും അവര്‍ എതിരാളികളെ ഓളൗട്ടാക്കി. 
പെയ്‌സ്ബൗളര്‍മാരായ ഹാരിസ് റഊഫിനും നസീം ഷാക്കും പരിക്കേറ്റത് പാക്കിസ്ഥാന് ക്ഷീണമാണ്. അടിയന്തരമായി വിളിപ്പിച്ച സമാന്‍ ഖാനെ ടീമിലുള്‍പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റുള്‍പ്പെടെ ടൂര്‍ണമെന്റില്‍ ഒമ്പത് വിക്കറ്റ് നേടിയ ദുമിത് വെലലാഗെയാണ് ശ്രീലങ്കയുടെ ഹീറോ. ഇന്ത്യക്കെതിരെ ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഇരുപതുകാരന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടീം തോറ്റിട്ടും വെലലാഗെ പ്ലയര്‍ ഓഫ് ദ മാച്ചായി.
 

Latest News