തിരുവനന്തപുരം- മുതിർന്ന പ്രവാസികളോട് സർക്കാർ കാണിക്കുന്ന അനീതിക്കെതിരെ പ്രവാസി ലീഗ് സെക്രട്ടറിയേറ്റ് സമരം സംഘടിപ്പിച്ചു. രാജ്യത്തിനും സമൂഹത്തിനും ഏറ്റവും കൂടുതൽ സേവനം നടത്തിയവരാണ് പ്രവാസികൾ. അവരോട് കരുണ കാണിക്കാത്തത് തികഞ്ഞ നന്ദികേടാണെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കുന്നതിന് ആവശ്യമായ പ്രതിഷേധം എല്ലാ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. തിരിച്ചുവന്ന പ്രവാസികളിൽ അധികവും ജീവിത പ്രയാസങ്ങൾ നേരിടുന്നവരാണ്. അവർക്ക് തണൽ നൽകാൻ ഗവൺമെന്റ് തയ്യാറാകണം- കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. പ്രവാസിലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഹനീഫ മൂന്നിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി ഇമ്പിച്ചി മമ്മു ഹാജി സ്വാഗതം പറഞ്ഞു.
പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ. എ ചാണ്ടി ഉമ്മൻ എം.എൽ എ,എ വിൻസന്റ് എം.എൽ എ, ബീമാപ്പള്ളി റഷീദ്, കാപ്പിൽ മുഹമ്മദ് പാഷ, കെ.സി. അഹമ്മദ് , നെല്ലനാട് ഷാജഹാൻ, ടി.എച്ച് കുഞ്ഞാലി ഹാജി, പി.എം.എ ജലീൽ പ്രസംഗിച്ചു.
അറുപത് കഴിഞ്ഞ പ്രവാസികൾക്ക് അംഗത്വം എടുക്കുന്നതിനും പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ഉതകുന്ന തരത്തിൽ പ്രവാസിക്ഷേമനിധിയിൽ മാറ്റം വരുത്തുക, പ്രവാസി പെൻഷൻ അയ്യായിരം രൂപയായി വർദ്ധിപ്പിക്കുക, തിരിച്ചു വന്ന പ്രവാസികളുടെ ക്ഷേമത്തിനായി പുനരധിവാസ പാക്കേജ് നടപ്പിലാക്കുക, തിരിച്ചു വന്ന പ്രവാസികളുടെ ജീവനും ആരോഗ്യത്തിനും സുരക്ഷിതത്വം നൽകാൻ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക, മെഡിസെപ് പദ്ധതിയിൽ പ്രവാസികളെ ഉൾപ്പെടുത്തു എന്നീ ആവശ്യങ്ങളാണ് പ്രവാസി ലീഗ്ഉന്നയിച്ചത്.