മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ പശുക്കളെ വളർത്തുന്നുണ്ടെന്ന മാധ്യമ വാർത്തകളിലെ വിവരം നിയമ സഭയിൽ ചേരും പടി ചേർത്തത് രമേശ് ചെന്നിത്തല. ലക്കും ലഗാനും ഇല്ലാതെ കടമെടുക്കുകയും ധൂർത്ത് നടത്തുകയും ചെയ്യുന്ന സർക്കാർ ഇതുപോലെ വേറെ ഇല്ലെന്ന് സമർഥിക്കവെ ആയിരുന്നു മുൻ പ്രതിപക്ഷ നേതാവ് ക്ലിഫ് ഹൗസിലെ പശുക്കളെ ചർച്ചയിലെത്തിച്ചത്. നല്ല പാല് കിട്ടാൻ പശുവിന് എ.ആർ റഹ്മാന്റെ പാട്ടു കേൾപ്പിക്കുന്നുമുണ്ടത്രെ. എ.ആർ റഹ്മാന്റെ പാട്ട് കേട്ട് , കേട്ട് ക്ലിഫ് ഹൗസ് വളപ്പിലെ പശുക്കൾ പാൽ ചുരത്തുന്നു - ഓ മാ തുഝേ സലാം....
പാവപ്പെട്ടവനെ പിഴിഞ്ഞെടുക്കുന്ന പണം അഴിമതിക്കും ധൂർത്തിനും വിനിയോക്കുകയാണെന്നതിന് ഇതിൽപരം തെളിവ് ആവശ്യമില്ല. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചക്കിടയിലായിരുന്നു ചെന്നിത്തലയുടെ പശു രാഷ്ട്രീയം മുക്രയിട്ട് കടന്നുവന്നത്.
നൂറ് വയസുള്ള വി.എസ് നടന്ന് കയറിയ ക്ലിഫ് ഹൗസിൽ പിണറായി ലക്ഷങ്ങൾ മുടക്കി ലിഫ്റ്റ് വെച്ചു. കരുണാകരൻ അസുഖ ബാധിതനായപ്പോഴാണ് ക്ലിഫ് ഹൗസിൽ നീന്തൽ കുളം ഉണ്ടാക്കിയത്. അവിടെ പട്ടിയെ കുളിപ്പിക്കുമെന്നാണ് ഇ.കെ നയനാർ അന്ന് പരിഹസിച്ചിരുന്നത്. ഇപ്പോൾ പട്ടിയാണോ കുട്ടിയാണോ കുളിക്കുന്നതെന്ന് ചെന്നിത്തലയുടെ ചോദ്യം.
പിണറായി വിജയൻ എന്തു കൊണ്ടാണ് നായനാരെയും അച്യുതാനന്ദനെയും പോലെ കേന്ദ്രത്തിനെതിരെ സമരം നയിക്കാത്തതെന്ന് ലാവ്‌ലിൻ കേസ് മാറ്റിമാറ്റി വെക്കുമ്പോൾ എല്ലാവർക്കും മനസിലാകുന്നുണ്ട്. ബി.ജെ.പിയുമായുള്ള അന്തർ ധാര വ്യക്തമാണ്.
കേന്ദ്രത്തിൽ നിവേദനവുമായി പോകുന്ന സമയത്ത് യു.ഡി.എഫ് എംപിമാരുടെ ഭാഗത്ത് നിന്നും വേണ്ടത്ര സഹകരണം ഉണ്ടാകുന്നില്ലെന്ന ധനമന്ത്രി ബാല ഗോപാലിന്റെ ആരോപണത്തിനെതിരെയും ചെന്നിത്തല ശക്തമായി പ്രതികരിച്ചു. വിളിക്കേണ്ട രീതിയിൽ വിളിച്ചാൽ എം.പിമാർ സഹകരിക്കുമെന്നും എം.പിമാരുടെ യോഗം മുഖ്യമന്ത്രി വിളിക്കുന്നത് ഓൺലൈൻ വഴിയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. 19 എം.പിമാർ ജയിച്ച കാര്യം ഇത് വരെ സി.പി.എം. ഉൾക്കൊണ്ടിട്ടില്ല. ബി.ജെ.പിക്കെതിരായ ശക്തമായ പോരാട്ടമാണ് കേരള എം.പിമാർ നടത്തുന്നത്. ഇതിനെല്ലാം വിവിധ ഘട്ടങ്ങളിലായി മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും, ധനമന്ത്രി ബാലഗോപാലും മറ്റ് ഭരണ കക്ഷി അംഗങ്ങളും കൊണ്ടും കൊടുത്തും മുന്നോട്ട് പോയി. വിഷയത്തിൽ ഇടപെട്ട മന്ത്രി ബാല ഗോപാൽ പശുക്കൾ മാർക്‌സിസ്റ്റാണെന്ന് ചെന്നിത്തല പറയാഞ്ഞത് നന്നായി എന്നാണ് പശുക്കഥ പൂർത്തീകരിച്ചത്. എം.പി മാരെ ക്ഷണിച്ചില്ലെന്നാണ് ആക്ഷേപം. ഇതെന്താ കല്യാണമാണോ എന്ന് മന്ത്രി ബാലഗോപാലിന്റെ ചോദ്യം. രണ്ടര മണിക്കൂറിലധികം നീണ്ട അടിയന്തര പ്രമേയ ചർച്ച കേരളത്തിന്റെ ധനസ്ഥിതിയൊക്കെ കടന്ന് രാഷ്ട്രീയ സാധ്യതകളിലേക്ക് കടന്നത് സ്വാഭാവികം.
നാല് ദിവസത്തേക്ക് മാത്രം ചേർന്ന നിയമ സഭയിൽ അനുവദിക്കപ്പെട്ട രണ്ടാമത്തെ അടിയന്തര പ്രമേയമായിരുന്നു ഇന്നലത്തേത്. അടിയന്തര പ്രമേയം അനുവദിക്കുന്നതിൽ ഭരണപക്ഷത്തിന്റെ ലക്ഷ്യം വ്യക്തം- കേന്ദ്രം ഫണ്ട് അനുവദിക്കാത്തതിന് ഉത്തരവാദികൾ എം.പിമാരാണെന്ന് പ്രചരിപ്പിക്കാനുള്ള അവസരമൊരുക്കുക. ഈ തന്ത്രം തിരിച്ചറിഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇറങ്ങിപ്പോകും മുമ്പ് നടത്തിയ പ്രസംഗത്തിൽ എം.പിമാരെ ഇകഴ്ത്താനുള്ള നീക്കത്തിനെതിരെയാണ് ശക്തമായി പ്രതികരിച്ചത്. സി.പി .എമ്മിലെ കെ.വി സുമേശ് പ്രളയകാലത്തെ ഭരണ കക്ഷി - പ്രതി പക്ഷ യോജിപ്പ് ഓർത്ത് പുളകം കൊണ്ടു. അന്ന് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ ഹെലികോപ്ടറിലല്ലെ പ്രളയ ബാധിത മേഖല സന്ദർശിച്ചത്. പിന്നീടെപ്പോഴോ ചെന്നിത്തലയെ കോൺഗ്രസ് പിന്തിരിപ്പിച്ചു. ഇതുപോലൊരു കാര്യം മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു- കേന്ദ്ര സർക്കാർ സഹകരണ സംഘങ്ങൾ തകർക്കുന്ന നീക്കം നടത്തിയപ്പോൾ ഒന്നിച്ചെതിർക്കുന്ന കാര്യം ചെന്നിത്തല തത്വത്തിൽ അംഗീകരിച്ചിരുന്നു. അതും കോൺഗ്രസ് പിന്നീട് ഇല്ലാതാക്കി. ചെന്നിത്തല എത്ര നല്ലൊരു മനുഷ്യൻ! എന്തു ചെയ്യാം അദ്ദേഹത്തിന് കോൺഗ്രസ് എന്നൊരു പാർട്ടി ഉണ്ടായിപ്പോയില്ലെ. ഇന്നലെ മന്ത്രി ബാലഗോപാൽ പറഞ്ഞത് ചെന്നിത്തല ലോക് സഭയിലേക്ക് മത്സരിച്ച് ദൽഹിയിലേക്ക് പോകുമെന്നാണ്- ഗുഡ് ഐഡിയ.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് എം.പിമാർ വിജയിക്കുമെന്ന് രാഷ്ട്രീയ കാലാവസ്ഥ നോക്കി വി.ഡി സതീശന്റെ പ്രഖ്യാപനം. എം.പിമാരെ സഭയിൽ അധിക്ഷേപിക്കുന്നത് ആദ്യമായാണ്. എം.പിമാർ കേരളത്തിനായി ലോക്‌സഭയിൽ ഉന്നയിച്ച കാര്യങ്ങൾ യു.ഡി.എഫ് പ്രസിദ്ധീകരിക്കും. പ്രതിപക്ഷം ഉന്നയിച്ച നികുതി വരുമാനം സംബ ന്ധിച്ച വിമർശത്തിന് ധനമന്ത്രി ഒന്നും പറഞ്ഞില്ല.
സംസ്ഥാനത്ത് നിപ പരിശോധനക്കായി വൈറോളജി ഇൻസ്റ്റിറ്റിയൂട്ട് സജ്ജമാണ്, എന്തു കൊണ്ട് അവിടേക്ക് അയച്ചില്ല എന്ന ചോദ്യം ഉണ്ട്. അത് പരിശോധിക്കപ്പെടണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞത്. ഇതോടെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെയും മുഖ്യമന്ത്രിയുടേയും വാദം പരസ്പരവിരുദ്ധമായി.
ഇനിയെന്താകുമെന്ന് കാത്തിരുന്നു കാണാം.