- സി.ബി.ഐ കണ്ടത്തലിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ്
തിരുവനന്തപുരം - സോളാർ ഗൂഢാലോചന അന്വേഷിക്കാൻ യു.ഡി.എഫ് പരാതി നൽകില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. എന്നാൽ, സി.ബി.ഐ കണ്ടത്തലിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തിയ വഞ്ചകനാണ് കേരള കോൺഗ്രസ് ബി നേതാവ് ഗണേഷ് കുമാറെന്നും ഗണേഷിനെ മുന്നണിയിൽ എടുക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
ഒക്ടോബർ പത്തു മുതൽ 15 വരെ എല്ലാ പഞ്ചായത്തുകളിലും മുഖ്യമന്ത്രിയുടെ രാജി, വിലക്കയറ്റം, അഴിമതി ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ പരിഹാരം ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ പദയാത്ര നടത്തും. ഒക്ടോബർ 18ന് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 50,000 പേരെ ഉൾപ്പെടുത്തി സെക്രട്ടേറിയറ്റ് മാർച്ചും ഉപരോധവും സംഘടിപ്പിക്കുമെന്നും മുന്നണി യോഗ തീരുമാനങ്ങൾ അറിയിച്ച് എം.എം ഹസൻ വ്യക്തമാക്കി.