ജിദ്ദ- അബീർ മെഡിക്കൽ സെന്റർ ബവാദി ബ്രാഞ്ച്, സെൻട്രൽ ബോർഡ് ഫോർ അക്രഡിറ്റേഷൻ ഓഫ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റിയൂഷൻസിന്റെ (സിബാഹി) അംഗീകാരം മികച്ച സ്കോറോട് കൂടി നേടി.
സെൻട്രൽ ബോർഡ് ഫോർ അക്രഡിറ്റേഷൻ ഓഫ് ഹെൽത്ത്കെയർ ഇൻസ്റ്റിറ്റിയൂഷൻസ് എന്നത് സൗദി അറേബ്യയിലെ ആശുപത്രികൾക്കും മെഡിക്കൽ സെന്ററുകൾക്കും അവരുടെ മികവിന്റെ അടിസ്ഥാനത്തിൽ അംഗീകാരം നൽകുന്ന സ്ഥാപനമാണ്.
സൗദിയിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ കീഴിലുള്ള ആശുപത്രികളും മെഡിക്കൽ സെന്ററുകളും മുൻപും ഈ അംഗീകാരം നേടിയിട്ടുണ്ട്. ജിദ്ദയിൽ പ്രവർത്തിക്കുന്ന ഡോ.ഹസൻ ഗസ്സാവി ആശുപത്രിയും മക്കയിൽ പ്രവർത്തിക്കുന്ന സൗദി നാഷണൽ ആശുപത്രിയും, റിയാദിൽ അബീർ ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട് മെഡിക്കൽ സെന്ററുകളും മുൻപ് സിബാഹി അക്രഡിറ്റേഷൻ ലഭിച്ചിരുന്നു.
മെഡിക്കൽ സെന്ററിലെ സൗകര്യങ്ങൾ, ഉപകരണങ്ങൾ, ആരോഗ്യ പരിപാലന രീതികൾ, രോഗി പരിചരണം, പ്രവർത്തന നടപടിക്രമങ്ങൾ എന്നിവയുടെ സമഗ്രമായ പരിശോധനയാണ് മൂല്യനിർണയത്തിൽ ഉൾപ്പെടുന്നത്.
അന്താരാഷ്ട്ര ആരോഗ്യ പരിരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയാണ് സിബാഹി അംഗീകാരം നൽകാറുള്ളത്. അബീർ ബവാദി ബ്രാഞ്ചിന്റെ ആരോഗ്യ സേവനങ്ങളിലെ മികവിനുള്ള അഭിമാനകരമായ ഈ അംഗീകാരം സമൂഹത്തിന് ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനം നൽകാൻ സഹായകരമാവുമെന്ന് മാനേജ്മെന്റ് പത്രക്കുറിപ്പിൽ പറഞ്ഞു.