കൊച്ചി- ക്ഷേത്ര പരിസരത്ത് കാവികൊടി സ്ഥാപിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. ക്ഷേത്രാചാരങ്ങൾ നടത്താനുള്ള നിയമപരമായ അധികാരമല്ലാതെ പതാകകളോ കൊടി തോരണങ്ങളോ സ്ഥാപിക്കാൻ അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കൊല്ലം മുതുപിലാക്കാട് പാർത്ഥസാരഥി ഭക്തജനസമിതി പ്രവർത്തകർ നൽകിയ ഹർജിയാണ് തള്ളിയത്.
ആത്മീയതയുടെയും ശാന്തിയുടെയും വിളക്കുമാടങ്ങളാണ് ക്ഷേത്രങ്ങൾ. ഇവിടെ വിശുദ്ധിയും ബഹുമാനവും പരമപ്രധാനമാണ്. ഇത്തരം വിശുദ്ധി രാഷ്ട്രീയ ലക്ഷ്യങ്ങൾകൊണ്ട് തകർക്കാനാവില്ലെന്നും കാവിക്കൊടി സ്ഥാപിക്കാനുള്ള ശ്രമം തടഞ്ഞതിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി വ്യക്തമാക്കി.
പ്രത്യേക രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട പതാകയാണ് സ്ഥാപിക്കാൻ ശ്രമിച്ചതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് ക്ഷേത്രത്തിൽ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഹർജിക്കാർക്ക് പോലീസ് സംരക്ഷണം ആവശ്യമില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.