Sorry, you need to enable JavaScript to visit this website.

ഇടുക്കി അണക്കെട്ട് തുറന്നേക്കും, ജാഗ്രത പാലിക്കുക

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചെറുതോണി ഷട്ടറുകൾ തുറക്കാനുള്ള സാധ്യത വർധിച്ചു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഈ സാധ്യതയിലേക്ക് കാര്യങ്ങൾ പോയി തുടങ്ങുന്നുവെന്ന് മനസ്സിലാക്കിയ ഉടനെ തന്നെ കഴിഞ്ഞ വെള്ളിയാഴ്ച ഉന്നത തല യോഗം വിളിക്കുകയും വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 
അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും വിവിധ ജില്ലാ ഭരണകൂടങ്ങളും, ഗടഋആ, വാട്ടർ അതോറിറ്റി, ഇറിഗേഷൻ വിഭാഗം തുടങ്ങിയ വിവിധ വകുപ്പുകൾ സംയുക്തമായി അതിവേഗത്തിൽ തയ്യാറെടുപ്പുകൾ നടത്തി കൊണ്ടിരിക്കുന്നു.
അണക്കെട്ടുകൾ തുറക്കുക എന്നത് സാധാരണ ഗതിയിൽ ഒരു ദുരന്തമൊന്നുമല്ല. പക്ഷെ കേരളത്തിന്റെ സാഹചര്യം അങ്ങനെയല്ല. നൂറ്റാണ്ടുകളായി പാർശ്വവൽക്കരിക്കപ്പെട്ട വലിയ വിഭാഗം ജനങ്ങൾ അവരുടെ അതിജീവനത്തിന് വേണ്ടി നദിക്കരകളിലും തീരദേശങ്ങളിലും അഞ്ചും മൂന്നും സെന്റുകളിൽ തിങ്ങിപ്പാർക്കുന്ന നമ്മുടെ നാട്ടിൽ അണക്കെട്ടുകൾ തുറക്കുന്നതോടെ പെരിയാർ കരകവിഞ്ഞൊഴുകുന്നത് വഴിയുണ്ടാകുന്ന വെള്ളപ്പൊക്കത്തെ നേരിടാൻ വളരെ ശ്രമകരമായ തയ്യാറെടുപ്പുകൾ വേണ്ടി വരുന്നു. 
1992 ലാണ് അവസാനമായി ഇടുക്കി ഡാം തുറന്നത്. അതിൽ നിന്ന് വളരെയധികം മാറിയിരിക്കുന്നു നമ്മുടെ ഭൂവിനിയോഗം. സമാനമായ അവസ്ഥാ വിശേഷം 2013 ലുണ്ടായിരുന്നുവെങ്കിലും അന്ന് എല്ലാ തയ്യാറെടുപ്പുകൾക്കും ശേഷം ഷട്ടർ തുറക്കേണ്ടി വന്നില്ല. എന്നാൽ അന്ന് ഭൂതത്താൻകെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടാകുകയും നെടുമ്പാശ്ശേരി വിമാന താവളത്തിൽ വെള്ളം കയറുകയും ചെയ്തു. അന്ന് വെള്ളം കയറിയ ഇടങ്ങളുടെ വിവരവും അനുഭവം കൂടി മുൻനിർത്തിയാണ് ഇടുക്കി, എറണാകുളം ജില്ലകളിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രവർത്തികൾ പുരോഗമിക്കുന്നത്.
പെരിയാർ ഒഴുകി കൊണ്ടിരിക്കുന്ന ഓരോ വില്ലേജുകളിലെയും ജനങ്ങളുടേയും കെട്ടിടങ്ങളുടേയും കണക്കെടുക്കുകയും അവർക്ക് മാറി താമസിക്കാനുള്ള കേന്ദ്രങ്ങൾ ഐഡന്റിഫൈ ചെയ്ത് വിപുലമായ ആസൂത്രണം രണ്ട് ജില്ലകളും ചെയ്തു. പരമാവധി നാശനഷ്ടങ്ങൾ കുറച്ചു കൊണ്ട് ഈ സാഹചര്യത്തെ നേരിടാൻ ജനങ്ങൾ നിശ്ചയദാർഢ്യത്തോടെ സർക്കാർ സംവിധാനത്തോടൊപ്പം സഹകരിച്ച് പ്രവർത്തിക്കണം.
ദയവായി ആരും ഈ സമയം അനാവശ്യ ചർച്ചകളുടെ നേരമാക്കരുത്.
നൂറ്റാണ്ടുകൾ കൊണ്ട് നമ്മുടെ നാട് കൈവരിച്ച വികസനങ്ങളും അത് വഴി ഉണ്ടായിരിക്കുന്ന ഭൂവിനോയോഗത്തിലെ മാറ്റങ്ങളും ഒറ്റ നിമിഷം കൊണ്ട് സ്വിച്ച് ഓഫ് ചെയ്യുക സാധ്യമല്ല. 
ഇപ്പോൾ അടിയന്തിര പ്രാധാന്യത്തോടെ ഈ സാഹചര്യത്തെ തരണം ചെയ്യലാണ് പ്രധാനം. ഇടുക്കിയുടെയും ഇടമലയാറിന്റേയും ഷട്ടറുകൾ തുറക്കുന്നതോടെ ഏറ്റവും പ്രയാസത്തിലാകാൻ സാധ്യതയുള്ളത് കേരളത്തിൻറെ വ്യവസായ തലസ്ഥാന ജില്ലയായ എറണാകുളമാണ്. പെരിയാറിൻറെ കരയിൽ ആളുകൾ തിങ്ങിപ്പാർക്കുന്ന നഗര പ്രദേശങ്ങളും തുരുത്തുകളുമേറെയുണ്ട്. 
ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കഴിഞ്ഞാൽ പെരിയാറിൻറെ ഇരുവശങ്ങളിലുമുള്ള ഏറ്റവും കുറഞ്ഞത് 100 മീറ്റർ പരിധിയിലുള്ള ജനങ്ങൾ വെള്ളപ്പൊക്കത്തെ നേരിടാൻ തയ്യാറെടുപ്പുകളോടെ കരുതിയിരിക്കണം.
ഏതെങ്കിലും പ്രദേശത്തുനിന്നും ഒഴിയാൻ മാധ്യമങ്ങൾ വഴിയും ഉദ്യോഗസ്ഥർ നേരിട്ടും ആവശ്യപ്പെടുന്ന മുറയ്ക്ക് എത്രയും പെട്ടെന്ന് തയ്യാറാക്കപ്പെട്ടിരിക്കുന്ന ഉയർന്ന പ്രദേശങ്ങളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും സ്വമേധയാ മാറണം. ഒരു കാരണവശാലും നദിക്ക് കുറുകെ സഞ്ചരിക്കരുത്. 
അസുഖ ബാധിതർ, അംഗ വൈകല്യമുള്ളവർ, കുട്ടികൾ, വയോജനങ്ങൾ ഇവരുടെയൊക്കെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. 
എല്ലാ വിധ സഹായങ്ങൾക്കും സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ സംഘടനകളും രാഷ്ട്രീയ, തൊഴിലാളി, സാമുദായിക സംഘടനകളും പ്രവർത്തകരും അണിനിരക്കണം. 
ഓരോ പ്രദേശത്തെ കുറിച്ചും ഏറ്റവും നല്ല ധാരണയുണ്ടാവുക ആ പ്രദേശത്ത് രാഷ്ട്രീയ സംഘടനാ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നവർക്കായിരിക്കുമല്ലോ, അത് കൊണ്ട് കക്ഷി രാഷ്ട്രീയ ഭേദമന്യേ സർക്കാർ സംവിധാനം ആവശ്യപ്പെടുന്ന സഹായങ്ങൾ ചെയ്തു കൊടുക്കാൻ രാഷ്ട്രീയ, സന്നദ്ധ പ്രവർത്തകർ മുന്നിട്ടിറങ്ങണം.
ഡാമുകൾക്ക് കീഴിൽ താമസിക്കുന്നതിൽ അപകടമുണ്ട്. 
അവ മിക്കപ്പോഴും റോഡ് മുറിച്ചു കടക്കുന്നതിലെ അപകട സാദ്ധ്യതയെക്കാൾ തുലോം തുച്ഛമാണ്. 
അതിനാൽ അവിടങ്ങളിൽ താമസിക്കുന്ന വലിയ ജനവിഭാഗത്തെ നിതാന്ത ഭീതിയിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇത്തരത്തിൽ ഉള്ള സാഹചര്യങ്ങൾ വരുമ്പോൾ യാഥാർഥ്യ ബോധത്തോടെ ഉണർന്ന് പ്രവർത്തിച്ച് പ്രശ്‌നത്തെ തരണം ചെയ്യാൻ എല്ലാവരും ഒരേ മനസ്സോടെ ഇറങ്ങുക എന്നതിനാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. 
പരമാവധി സുമനസ്സുകളായ സാധാരണ ജനങ്ങളുടെ സഹകരണത്തോടെയാണ് ഞങ്ങൾ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. വെള്ളം ഒഴുകുന്ന വഴി ചിത്രീകരിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നതും അതിന് സന്നദ്ധരായി മുന്നോട്ട് വന്ന ആളുകളുമായി സഹകരിച്ചാണ്. പരമാവധി പൊതു ജനങ്ങളെ ഓരോ ഘട്ടത്തിലും സഹകരിപ്പിച്ച് ഇത്തരം അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ അവരെ പര്യാപ്തരാക്കുക കൂടി ഞങ്ങൾ ലക്ഷ്യം വെക്കുന്നു.
പെരിയാറിൻറെ കരയിലുള്ളവരോട് ഒരിക്കൽ കൂടി, മുന്നറിയിപ്പുകളും വാർത്തകളും ശ്രദ്ധിക്കുക, ഭയപ്പെടാതെ വെള്ളപ്പൊക്കത്തെ പ്രതീക്ഷിച്ച് കൊണ്ട് വേണ്ട തയ്യറെടുപ്പുകളോടെ അതിനെയും അതിജീവിക്കാൻ തയ്യാറായി നിൽക്കുക. ഈ നാടാകെയും അതിൻറെ ഭരണ സംവിധാനവും നിങ്ങളോടൊപ്പമുണ്ട്.
ആകാശവാണിയുടെ തിരുവനന്തപുരം (1161 സഒ്വ), ആലപ്പുഴ (576 സഒ്വ), തൃശൂർ (630 സഒ്വ), കോഴിക്കോട് (684 സഒ്വ) നിലയങ്ങൾ നൽകുന്ന വാർത്തയും അറിയിപ്പുകളും ശ്രദ്ധിക്കുക.
കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ആഗസ്റ്റ് 1 2018 , രാവിലെ വരെ ശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 7 മുതൽ 11 സെ . മി വരെ ) സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നു.

FB post from Fahad Marzook

 

Latest News