Sorry, you need to enable JavaScript to visit this website.

നിപ പ്രതിരോധം: വയനാട്ടിലും ജാഗ്രത കണ്‍ട്രോള്‍ റൂം തുറന്നു

കല്‍പറ്റ- കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ പ്രദേശമായ വയനാട്ടിലും ജാഗ്രത. ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ആരോഗ്യ വകുപ്പ് ശക്തമാക്കി.
മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും നിരീക്ഷണത്തിനും നേതൃത്വം നല്‍കുന്നതിനും അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ ഫലപ്രദമായി നേരിടുന്നതിനും ജില്ലയിലെ പ്രോഗ്രാം ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി 15 കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. ജില്ലയില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ഒത്തുചേരുന്ന സ്ഥലങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മാസ്‌ക് ധരിക്കുന്നതില്‍ ബോധവത്കരണം നടത്തും.
വവ്വാലുകള്‍ ധാരാളമുള്ള മാനന്തവാടി പഴശി പാര്‍ക്കില്‍ പൊതുജനങ്ങളുടെ പ്രവേശനം താത്കാലികമായി നിര്‍ത്തി.  കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍നിന്നുള്ളവര്‍ ജില്ലയില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍നിന്നു ജോലിക്കും വിദ്യാഭ്യാസ ആവശ്യത്തിനും ജില്ലയില്‍ വന്നവര്‍ നിലവില്‍ താമസിക്കുന്ന സ്ഥലത്ത് തുടരണം. നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നപക്ഷം ചികിത്സ ഉറപ്പുവരുത്തുന്നതിന് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ജില്ലാ അതിര്‍ത്തികളില്‍  യാത്രക്കാര്‍ക്ക് ബോധവത്കരണം നല്‍കും. പട്ടികവര്‍ഗ ഊരുകളിലും ബോധവത്കരണം നടത്തും. വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളുമായുള്ള സമ്പര്‍ക്കം പൊതുജനം  ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.  വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ ഭക്ഷിക്കുകയോ വവ്വാലുകളെ ശല്യപ്പെടുത്തകയോ ചെയ്യരുത്.
ആരോഗ്യമന്ത്രിയുടെ ജാഗ്രതാനിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയുടെ അതിര്‍ത്തിയിലുള്ള  തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകളില്‍ അവലോകന യോഗം ചേര്‍ന്നു. കുറ്റിയാടി, മരുതോങ്കര പ്രദേശങ്ങളിലുള്ളവര്‍ വയനാടുമായി നിരന്തര ബന്ധം പുലര്‍ത്തുന്നവരാണ്. കുറ്റിയാടി ചുരത്തിലെ കാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമെന്നതും നിപ പരത്തുന്ന വവ്വാലുകളുടെ സഞ്ചാരപഥത്തില്‍ ഉള്‍പ്പെട്ടേക്കാമെന്നതും  മന്ത്രിയുടെ  ജാഗ്രതാനിര്‍ദേശത്തിന് പിന്നിലുണ്ട്.
ആശുപത്രികളിലെത്തുന്ന രോഗികളും കൂടെയുള്ളവരും മാസ്‌ക് ഉപയോഗിക്കണമെന്നും കൈകള്‍ സോപ്പിട്ട് കഴുകണമെന്നും നിര്‍ദേശിക്കാന്‍ വെള്ളമുണ്ടയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നിപ ലക്ഷണം നിരീക്ഷിക്കാന്‍ പ്രത്യേക നിര്‍ദേശം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രങ്ങക്ക് നല്‍കി.  പൊതുജനങ്ങള്‍ നിപയെ നിസാരവത്കരിക്കരുതെന്നു മുന്നറിയിപ്പ് നല്‍കി. നേരത്തെ ഉണ്ടായിരുന്ന കോവിഡ് ആര്‍.ആര്‍.ടി ഗ്രൂപ്പുകള്‍ സജീവമാക്കാന്‍  തീരുമാനിച്ചു. പഞ്ചായത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, മെഡിക്കല്‍ ഓഫീസര്‍ ഡോ.സഗീര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എന്‍.സന്തോഷ്,ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.വിനീത തുടങ്ങിയവര്‍ പങ്കെടുത്തു. തൊണ്ടര്‍നാടില്‍ പഞ്ചായത്ത്  പ്രസിഡന്റ്  അംബിക ഷാജി അധ്യക്ഷത  വഹിച്ചു. വൈസ് പ്രസിഡന്റ് എ.കെ.ശങ്കരന്‍, മറ്റു ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

 

Latest News