കോഴിക്കോട് - കേരളത്തില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലകളെകുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഗ്രോ വാസു. ജയില്‍മോചിതനായ ശേഷം പുതിയറയിലെ ജില്ലാ ജയില്‍ പരിസരത്തു വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാട്ടുമുയലിനെ വെടിവെച്ചിടും പോലെയാണ് കമ്യൂണിസ്റ്റുകാരെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ എട്ട് പേരെ വെടിവെച്ചിട്ടത്. വിപ്ലവം പറയുകയും ചെഗുവേരയെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന സര്‍ക്കാരിന് ഏഴ് കൊല്ലം ഇത് തമസ്‌കരിക്കാനായി. ഇക്കാര്യം ജനശ്രദ്ധയില്‍ കൊണ്ടുവരാനാണ് താന്‍ ജാമ്യമെടുക്കാതെ ജയിലില്‍ കിടന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കമ്മ്യൂണിസ്റ്റുകളെന്ന് പറയുന്നവരെ ഭരിക്കുന്നത് , ബൂര്‍ഷ്വാസികളും പെറ്റി ബൂര്‍ഷ്വാസികളുമാണ്.
കേരളത്തിലെ ജനങ്ങളെ അപമാനിതരാക്കിയ സംഭവമായിരുന്നു നിലമ്പൂര്‍ മാവോയിസ്റ്റ് വെടിവെപ്പ് കൊലപാതകം. 300 കോടി രൂപ കിട്ടാനാണ് ഈ എട്ടു പേരെ കൊല ചെയ്തത്. നെഞ്ചിന് തന്നെ വെടിവെച്ചത് കൊല്ലാന്‍വേണ്ടിയാണ്.
അരയ്ക്ക് താഴെ വെടി വെക്കണമെന്നാണ് നിയമം. ഈ ഇരുട്ടിലേക്ക് ഒരു മെഴുകുതിരി കത്തിച്ചുവെക്കാനാണ് ഈ വയസ്സു കാലത്ത് ജയിലില്‍ കിടന്നത്. കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളായ ഞങ്ങളുടെ സന്ദേശം ഇടിമിന്നല്‍ പോലെ ജനങ്ങളിലെത്തിച്ചു.
രണ്ടു മൂന്നു പേരോട് നന്ദി പറയാനുണ്ട്. അതില്‍ ഒന്നാമത്തെ ആള്‍ കെ.കെ.രമയാണ്. അവരാണ് ആദ്യം ജയിലില്‍ വന്ന് എന്നെ കണ്ട് പിന്തുണ അറിയിച്ചത്. ഇത്ര ചെറുപ്പത്തില്‍ അവരെങ്ങിനെ വിധവയായി എന്ന് നിങ്ങള്‍ക്കറിയാമല്ലോ.
ലോക തൊഴിലാളികളെ സംഘടിക്കുവിന്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുവാന്‍ ഒന്നുമില്ലെന്നാണ് മാര്‍ക്‌സ് പറഞ്ഞത്. ബി.ജെ.പി.ക്കാരടക്കമുള്ളവരാണ് മാവൂരിലെ ഗ്രോ യൂണിയനിലുണ്ടായിരുന്നത്.
റിവിഷനിസമെന്നാല്‍ ഫാഷിസമാണെന്ന് ലെനിന്‍ ചൂണ്ടിക്കാട്ടിയത് നൂറ് വര്‍ഷം മുമ്പാണ്. സംഘ് പരിവാര്‍ നല്‍കുന്ന കോടികള്‍ വാങ്ങി നക്കുകയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. മൂവായിരം കുട്ടികള്‍ മരിച്ചുവീഴുകയും 70 ശതമാനം ജനം ദാരിദ്ര്യത്തില്‍ കഴിയുകയും ചെയ്യുന്ന കാലത്തോളം നൂറു വയസ്സായാലൂം ഞാന്‍ മുദ്രാവാക്യം വിളിക്കുമെന്നും അത് നിറുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.