റിയാദ്- ബൂപ ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ ആരോഗ്യ മന്ത്രാലയം റദ്ദാക്കിയത് പ്രവാസികളെ നേരിട്ട് ബാധക്കില്ലെന്ന് വിലിയിരുത്തൽ. സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും ബൂപ കാർഡ് തുടർന്നും സ്വീകരിക്കും. പ്രവാസികളിൽ ഭൂരിഭാഗവും സ്വകാര്യക്ലിനിക്കുകളെയാണ് ആശ്രയിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിലും മെഡിക്കൽ സിറ്റികളിലുമാണ് ബൂപ ഇൻഷുറൻസ് പോളിസി പ്രകാരമുള്ള ചികിത്സയും ആരോഗ്യ സേവനങ്ങളും റദ്ദാക്കിയത്. ബൂപ കാർഡ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് നിരവധി പ്രവാസികൾ ആശങ്ക പങ്കുവെച്ചിരുന്നു.
ബൂപ കമ്പനി ഇൻഷുറൻസ് പരിരക്ഷയുള്ള നിരവധി പേരുടെ ചികിത്സക്കുള്ള അപ്രൂവൽ നൽകുന്നതിന് കമ്പനി വിസമ്മതിച്ചതും ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ചികിത്സ നൽകിയ വകയിലുള്ള കുടിശ്ശിക മാസങ്ങളായി നൽകാത്തതുമാണ് കമ്പനിയുമായുള്ള കരാർ റദ്ദാക്കാൻ ആരോഗ്യ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.
ആശുപത്രികളിൽ കിടത്തി ചികിത്സിക്കുന്ന രോഗികളുടെ ചികിത്സ തുടരുന്നതിന് അപ്രൂവൽ നൽകാത്തതും അപ്രൂവൽ നിരസിക്കുന്ന കേസുകളുടെ അനുപാതം ഉയർന്നതും ക്ലെയിം അനുസരിച്ചുള്ള വിഹിതത്തിൽനിന്ന് കട്ട് ചെയ്യുന്ന തുകയുടെ അനുപാതം വർധിച്ചതും ബൂപയുമായുള്ള കരാർ അവസാനിപ്പിക്കാൻ കാരണമായി. കമ്പനിയുടെ ഭാഗത്തുള്ള ഈ വീഴ്ചകളെ കുറിച്ച് ആരോഗ്യ മന്ത്രാലയം നേരത്തെ കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസിനെ അറിയിച്ചിരുന്നു. വീഴ്ചകൾ തുടരുന്നപക്ഷം കരാർ റദ്ദാക്കുമെന്ന കാര്യം കമ്പനിയെയും അറിയിച്ചിരുന്നു. ബൂപ ഇൻഷുറൻസ് കമ്പനി പരിരക്ഷയുള്ളവർക്ക് ചികിത്സ നൽകിയ വകയിൽ കമ്പനിയിൽനിന്ന് കിട്ടാനുള്ള മുഴുവൻ കുടിശ്ശികയും ഈടാക്കുന്നതിന് നിയമാനുസൃത മാർഗത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.