കൊച്ചി - കൊച്ചി കടമക്കുടിയിൽ രണ്ടു മക്കളെ കൊന്ന് ദമ്പതികൾ ആത്മഹത്യ ചെയ്തത്തിന് പിന്നിൽ ഓൺലൈൻ തട്ടിപ്പ് സംഘത്തിൽനിന്നുമെടുത്ത ലോണെന്ന് സംശയം. മരിച്ച യുവതി ഓൺലൈൻ ആപ്പ് വഴി ലോണെടുത്ത് കെണിയിൽപ്പെട്ടെന്നാണ് പോലീസിന് ലഭിച്ച സൂചന.
ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങൾ ഫോണിൽ നിന്ന് ലഭിച്ചതായി പോലീസ് പറഞ്ഞു. ഓൺലൈൻ ലോൺ തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചുവെന്നാണ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചുവെന്നും നാലംഗ കുടുംബത്തിന്റെ മൃതദേഹം പോസ്റ്റമോർട്ടത്തിനുശേഷം സംസ്‌കരിച്ചതായും പോലീസ് വ്യക്തമാക്കി.
ഇന്നലെ രാവിലെയാണ് കടമക്കുടി മാടശ്ശേരി വീട്ടിൽ നിജോ, ഭാര്യ ശില്പ, ഏഴും അഞ്ചും വയസ്സുള്ള മക്കളായ എബൽ, ആരോൺ എന്നിവരുടെ മൃതദേഹം വീടിന് മുകളിലത്തെ മുറിയിൽനിന്നും കണ്ടെത്തിയത്. നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളിൽ ചെന്ന് കട്ടിലിൽ മരിച്ച നിലയിലുമായിരുന്നു.