തിരുവനന്തപുരം - പൗരത്വ സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് കടക വിരുദ്ധമായി പുതിയ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്.
2020 ഫെബ്രുവരിയിൽ നടന്ന സംഭവത്തിന്റെ പേരിലാണ് മൂന്നര വർഷങ്ങൾക്കു ശേഷം വട്ടിയൂർക്കാവ് പോലീസ് കലാപാഹ്വാനം ചുമത്തി പുതിയ കേസ് രജിസ്റ്റർ ചെയ്തത്.
പൗരത്വ സമരത്തിന്റെ ഭാഗമായി വെൽഫെയർ പാർട്ടി തിരുവനന്തപുരത്ത് നടത്തിയ 'ഒക്യുപൈ രാജ്ഭവൻ' സമരത്തിൽ പങ്കെടുത്ത വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം, സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, ജനറൽ സെക്രട്ടറി എസ്. ഇർഷാദ്, ട്രഷറർ സജീദ് ഖാലിദ്, വൈസ് പ്രസിഡന്റ് ജോസഫ് ജോൺ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എൻ.എം. അൻസാരി, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ, മുൻ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. നിസാർ, ഷാജി അട്ടക്കുളങ്ങര, അസ്‌ലം, റമീസ്, ഹസീബ് എന്നിവർക്കെതിരെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.
രാജ്ഭവൻ ഉപരോധ സമയത്ത് അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചെന്ന കാരണം പറഞ്ഞ് പ്രചാരണ വാഹനവും സാധന സാമഗ്രികളും തടയുകയും പരിപാടി തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് നേതാക്കളെ ഉൾപ്പെടുത്തി കേസെടുത്തിരിക്കുന്നത്.
ശബരിമലയിൽ സ്ത്രീ പ്രവേശന വിഷയത്തിൽ നടന്ന ഹർത്താലിനോടനുബന്ധിച്ച് നടന്ന അക്രമ സംഭവങ്ങളിലെ കേസുകൾ പിൻവലിക്കുന്നതിനൊപ്പം പൗരത്വ സമരക്കാർക്കെതിരായ കേസുകളും പിൻവലിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ ശബരിമല സമരക്കാർക്കെതിരായ ഭൂരിഭാഗം കേസുകളും പിൻവലിച്ചപ്പോൾ തികച്ചും സമാധാനപരമായി നടന്ന പൗരത്വ സമരക്കാർക്കെതിരായ നാമമാത്ര കേസുകൾ മാത്രമാണ് പിൻവലിച്ചത്. ഇതിൽ സർക്കാരിന്റെ ഇരട്ടത്താപ്പിനെ നിരവധി സാമൂഹ്യ പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു.
പൗരത്വ സമരത്തോടനുബന്ധിച്ച് തങ്ങൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന് നിരവധി സാമൂഹ്യ പ്രവർത്തകർ ഈയിടെ കത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉടൻ തന്നെ പിൻവലിക്കുമെന്ന് ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ 60 ൽ താഴെ കേസുകൾ മാത്രമാണ് ഇതുവരെ പിൻവലിച്ചത്. കേരളത്തിൽ പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അക്രമങ്ങളോ സംഘർഷങ്ങളോ ഗുരുതരമായ പ്രശ്‌നങ്ങളോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. എന്നിട്ടും കേസുകൾ ചുമത്തുകയും വൻ തുക പിഴയായി ഈടാക്കുകയുമാണ് സർക്കാർ ചെയ്യുന്നത്.
പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുകയും, മറുവശത്ത് പ്രസ്തുത നിയമത്തിനെതിരെ സമരം നടത്തിയവർക്കെതിരെ അനാവശ്യമായി കേസെടുക്കുകയും ചെയ്യുന്നത് സത്യസന്ധത ഇല്ലായ്മയാണ്. ഈ കേസുകളുടെ പേരിൽ നിരവധി പേരുടെ പാസ്‌പോർട്ടുകളടക്കം തടഞ്ഞ് വെച്ചിരിക്കുകയാണ്. പലരുടെയും തൊഴിൽ സാധ്യകളെ വരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതായി സാമൂഹ്യ പ്രവർത്തകർ കത്തിലൂടെ മുഖ്യമന്ത്രിയോട് പറഞ്ഞു.