കോഴിക്കോട്- സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലുമുള്ള ആളുകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണം. ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ ഉള്ളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്.
എല്ലാ ആരോഗ്യപ്രവര്‍ത്തകരും രോഗികളെ കാണുന്ന സമയങ്ങളില്‍ എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. കോഴിക്കോട് ജില്ലയിലേക്കും, ജില്ലയില്‍ നിന്ന് പുറത്തേക്കും പോകുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും അകത്തേക്കും പുറത്തേക്കും യാത്ര അനുവദിക്കില്ല. ഇവിടങ്ങളില്‍ ബാങ്കുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയ തുറക്കില്ല. തദ്ദേശ സ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളും തുറക്കും. ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് പകല്‍ മാത്രം തുറക്കാം.
കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക ഐസിയു തുറന്നു.ഇവിടെ 75 ഐസൊലേഷന്‍ കിടക്കകള്‍, ആറ് ഐസിയു, എട്ട് വെന്റിലേറ്റര്‍ എന്നിവ സജ്ജീകരിച്ചു. സാവിത്രി സാബു അര്‍ബുദാശുപത്രിക്കു സമീപമുള്ള കെഎച്ച്ആര്‍ഡബ്ലിയുഎസിന്റെ പേവാര്‍ഡുകളാണ് ഐസൊലേഷന്‍ വാര്‍ഡുകളാക്കിയത്. ആശുപത്രിയുടെ മുറ്റത്ത് പനിബാധിതര്‍ക്കായി ട്രയാജന്‍ ഒരുക്കും. തൊട്ടടുത്തുള്ള മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നവര്‍ ആശങ്കപ്പെടേണ്ടതില്ല. ആശുപത്രികളില്‍ രോഗം സ്ഥിരീകരിച്ചവര്‍ എത്തിയ തീയതി, സമയം എന്നിവയെല്ലാം സിസിടിവി കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.