വടകര-നിപ ബാധിച്ചു മരിച്ച വടകര മംഗലാട് മമ്പളിക്കുനി ഹാരിസിന്റെ മൃതദേഹം സംസ്‌കരിച്ചു. കടമേരി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നിപ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു കബറടക്കം. നിപ വൈറസ് ബാധയെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഹാരിസ് മരിച്ചത്. കടുത്ത പനി അടക്കമുള്ള അസ്വാഭാവിക ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് നിപ സംശയത്തില്‍ സ്രവം പൂനെയില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. ഓഗസ്റ്റ് 30 നും സമാന ലക്ഷണങ്ങളോടെ ഒരാള്‍ മരിച്ചിരുന്നു. മരിച്ച ഇരുവരും തമ്മില്‍ സമ്പര്‍ക്കം ഉണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. മംഗലാട് സ്വദേശി ഹാരിസിന്റെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വടകരയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 15ഓളം ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈനിലാക്കി. വടകര സഹകരണ ആശുപത്രിയിലെ ഡോക്ടറടക്കം 13 പേരും വടകര ജില്ല ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമാണ് വീടുകളിലും ആശുപത്രികളിലുമായി ക്വാറന്റൈനില്‍ പ്രവേശിച്ചത്.