ക്ലബ് ഫുട്‌ബോള്‍ പ്രി സീസണിന്റെ ഒരുക്കങ്ങളിലാണ്. സീസണ്‍ തുടങ്ങാന്‍ ആഴ്ചകള്‍ ബാക്കിയുണ്ട്. ട്രാന്‍സ്ഫറുകള്‍ നടന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ ലോക ഫുട്‌ബോളിലെ ആവലാതി വീരന്‍ പൂര്‍ണ ഫോമിലെത്തിക്കഴിഞ്ഞു. ലിവര്‍പൂളിനെതിരായ പ്രി സീസണ്‍ മത്സരത്തില്‍ 1-4 തോല്‍വി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ജോസെ മൗറിഞ്ഞോയെ രോഷാകുലനാക്കി. താന്‍ ഉദ്ദേശിച്ച കളിക്കാരെ ടീമിലേക്ക് കൊണ്ടുവരാന്‍ ക്ലബ് മാനേജ്‌മെന്റ് മുന്‍കൈയെടുക്കാത്തതാണ് മൗറിഞ്ഞോയുടെ രോഷപ്രകടനത്തിന് കാരണമെന്ന് കരുതുന്നു. നിരവധി പ്രമുഖ കളിക്കാര്‍ യുനൈറ്റഡിലേക്ക് വരുമെന്ന് പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ വന്നത് അധികമറിയപ്പെടാത്ത ഫ്രെഡും ഡിയേഗൊ ദലോതും ലീ ഗ്രാന്റും മാത്രം.
'ഇതെന്റെ ടീമല്ല. സീസണ്‍ തുടങ്ങുമ്പോള്‍ ഒപ്പമുണ്ടാവുന്ന പകുതി കളിക്കാര്‍ പോലും ഈ ടീമിലില്ല. നാലോ അഞ്ചോ കളിക്കാരുണ്ടാവും. മരിച്ചു കളിക്കുന്നവരായി. കളി മെച്ചപ്പെടുത്താനോ തന്ത്രങ്ങള്‍ പ്രാവര്‍ത്തികമാക്കാനോ ഒന്നുമല്ല ഞങ്ങള്‍ ഇവിടെ കളിക്കുന്നത്. തീര്‍ത്തും മോശമായ ഫലങ്ങള്‍ ഒഴിവാക്കാനാണ്. അലക്‌സിസ് സാഞ്ചസാണ് ടീമില്‍ ആകെയുള്ള അറ്റാക്കിംഗ് പ്ലയര്‍. വിംഗര്‍മാര്‍ ഇല്ല. സ്‌ട്രൈക്കര്‍മാര്‍ ഇല്ല. പാവം അലക്‌സിസ് തന്നാലാവുന്നത് ചെയ്തു. എത്രയധികം കാണികളാണ് മത്സരം കാണാന്‍ വന്നത്. ഞാനാണെങ്കില്‍ ഈ കളിക്ക് പണം മുടക്കി വരില്ല. ചെല്‍സി-ഇന്റര്‍ മിലാന്‍ മത്സരത്തിന് ഒഴിഞ്ഞ ഗാലറിയായിരുന്നു. ബീച്ചില്‍ പോവുന്നതാണ ഈ കളി കാണാന്‍ വരുന്നതിനെക്കാള്‍ നല്ലതെന്ന് ആരാധകര്‍ തീരുമാനിച്ചു. ബെയ്‌സ്‌ബോളാണെന്ന് വിചാരിച്ചാണ് റഫറിമാര്‍ വന്നത്. ഇവിടെയത്തിയപ്പോഴാണ് ഇത് ഫുട്‌ബോളാണെന്ന് അവര്‍ക്ക് മനസ്സിലായില്ല. പാവങ്ങള്‍. നല്ല തമാശ തന്നെ'' -മൗറിഞ്ഞൊ പൊട്ടിത്തെറിച്ചു.