എ.എൻ ഷംസീർ നിയമസഭാ സ്പീക്കർ പദവിയിലെത്തിയിട്ട് ഇന്നലെ ഒരു വർഷം തികഞ്ഞ ദിവസമായിരുന്നു. 2022 സെപ്റ്റംബർ 12നായിരുന്നു എം.ബി രാജേഷ് മന്ത്രിയായതിനെ തുടർന്ന് എ. എൻ ഷംസീർ സഭയുടെ നാഥനായത്. സ്ഥാനത്തെത്തിയതിന്റെ വാർഷിക ദിനത്തിൽ സഭ നിയന്ത്രിക്കാൻ സ്പീക്കർ ഇന്നലെ വല്ലാതെ പാട് പെട്ടു.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെ പോലീസിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ നടത്തിയ പ്രസംഗമാണ് ബഹളത്തിലും സ്പീക്കർക്ക് നിയന്ത്രിക്കാനാകാത്ത അവസ്ഥയിലുമെത്തിയത്. പുതുപ്പള്ളിയിലെ സതിയമ്മയുടെ ജോലിയുമായി ബന്ധപ്പെട്ട പരാമർശത്തിന് മറുപടി നൽകാൻ മന്ത്രി എഴുന്നേറ്റതാണ് പ്രശ്‌നത്തിലേക്ക് നയിച്ചത്. കോൺഗ്രസ് അംഗങ്ങൾ വാക്കൗട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി സംസാരിക്കാൻ എഴുന്നേറ്റപ്പോഴായിരുന്നു മന്ത്രി ചിഞ്ചുറാണി, ഉമ്മൻ ചാണ്ടിയെപ്പറ്റി നല്ല വാക്ക് പറഞ്ഞതിന് ജോലിയില്ലാതായെന്ന വാർത്തയിലെ താരം സതിയമ്മ വിഷയത്തിൽ അക്ഷമയായി മറുപടി പറയാൻ ശ്രമിച്ചത്.
സ്വാഭാവികമായും പ്രതിപക്ഷ നിരയിൽനിന്ന് മന്ത്രിക്കെതിരെ പ്രതിഷേധം ഉയർന്നു. ഭരണപക്ഷ അംഗങ്ങളും വെറുതെയിരുന്നില്ല. വാക്കൗട്ട് പ്രഖ്യാപിച്ച കോൺഗ്രസ് അംഗങ്ങൾ സഭ വിട്ട് പോകാതെ നടുത്തളത്തിലേക്ക് മടങ്ങിയെത്തി. പുതിയ കീഴ്വഴക്കം ഉണ്ടാക്കരുതെന്നും ഇറങ്ങിപ്പോകുന്നുവെന്ന് പറഞ്ഞവർ ഇറങ്ങിപ്പോകണമെന്നും പറഞ്ഞ സ്പീക്കർ ഷംസീർ അംഗങ്ങളോട് ക്ഷോഭിച്ചു. രണ്ടുപക്ഷത്തെയും നിയന്ത്രിക്കാൻ സ്പീക്കർ വല്ലാതെ പണിപ്പെട്ടു. അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ അവസാനിച്ചത് ഭാഗ്യം.
ആലുവയിൽ കുടുംബത്തോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കാര്യം അടിയന്തര പ്രമേയമായി എത്തിയപ്പോൾ ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി സ്ഥിരം രീതിയിൽ സംഭവത്തെ കണ്ടത് ആലുവ എം.എൽ.എ അൻവർ സാദത്തിനെയും പ്രതിപക്ഷത്തെയും ചൊടിപ്പിച്ചു. ഇത്രയധികം കുറ്റകൃത്യങ്ങൾ വർധിച്ച കാലം മുൻപുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയുടെ വാദത്തെ നേരിട്ടു.
2018ലായിരുന്നു കേരളത്തിൽ നിപയുടെ ആദ്യ ആക്രമണം. അന്ന് പേരാമ്പ്രയിൽ 17 പേർ മരിച്ചു പിരിഞ്ഞു. കേരളം വല്ലാതെ ഭയപ്പെട്ടു പോയ നാളുകൾ. നിയമസഭയിലും അന്ന് അനുരണനമൊക്കെ ഏറിയ മട്ടിൽ ഉണ്ടായിരുന്നു. അന്നത്തെ കുറ്റിയാടി എം.എൽ.എ പാറക്കൽ അബ്ദുല്ല മാസ്‌കും കൈയ്യുറയുമെല്ലാമിട്ട് നിയമ സഭയിൽ വന്നത് ദേശീയ വാർത്തയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും, അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമെല്ലാം ആ മാസ്‌ക് കാരനെ അന്ന് വല്ലാതെ കളിയാക്കിയിരുന്നു. പിന്നീട് ജനങ്ങളെയാകെ കോവിഡ് മാസ്‌ക് ധരിപ്പിച്ചു. പേരാമ്പ്രക്കടുത്ത പ്രദേശത്ത് തന്നെയാണ് വീണ്ടും നിപ എത്തിയത്. രണ്ട് മന്ത്രിമാരും ( വീണ ജോർജ്, മുഹമ്മദ് റിയാസ്) ഇന്നലെ നിപ പ്രദേശത്തായിരുന്നു. രണ്ട് എം.എൽ.എമാരും അങ്ങോട്ട് പോയി- പി.കെ.കുഞ്ഞമ്മദ് കുട്ടിയും, ഇ.കെ വിജയനും.
നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ നാലംഗ കേന്ദ്ര ആരോഗ്യസംഘം ഉടനെ കോഴിക്കോട്ടെത്തുന്നുണ്ട്. രണ്ട് ദിവസം കൂടി നിയമസഭയുണ്ട്. (ഇന്നും നാളെയും) നിപ ഏത് മട്ടിലായിരിക്കും സഭയിലെത്തുക എന്നറിയില്ല.