തിരുവനന്തപുരം - നിയമനത്തിന് അര്‍ഹരായതായുള്ള വ്യാജ ഉത്തരവുമായി പി എസ് സി ആസ്ഥാനത്തെത്തിയ മൂന്ന് പേര്‍ പിടിയിലായി. പി എസ് സി സെക്രട്ടറിയുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്. തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡി ജി പി പ്രത്യേക അന്വഷണ സംഘത്തെ നിയോഗിച്ചു. കൊല്ലം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നും പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് വിവരമെന്നും പോലീസ് പറഞ്ഞു.
ടൂറിസം, വിജിലന്‍സ്, ഇന്‍കംടാക്‌സ് വകുപ്പുകളില്‍ ക്ലര്‍ക്കായി നിയമനത്തിന് അര്‍ഹത നേടിയെന്ന് പറഞ്ഞ് വ്യാജ രേഖയുമായി സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായി മൂന്ന് പേരാണ് പി എസ് സി ആസ്ഥാനത്ത് എത്തിയത്. ഉത്തരവില്‍ ഉദ്യോഗസ്ഥര്‍ക്ക് അസ്വാഭാവികത തോന്നി. രേഖയില്‍ ഒരു ബോര്‍ഡ് അംഗത്തിന്റെ പേരിലാണ് ഒപ്പിട്ടിരിക്കുന്നത്. ഇത്തരമൊരു നിയമന കത്ത് അയച്ചിട്ടില്ലെന്ന് വ്യക്തമായതോടെ ഉദ്യോഗസ്ഥര്‍ പി എസ് സി സെക്രട്ടറിയെ വിവരം അറിയിക്കുകയും സെക്രട്ടറി രേഖകള്‍ സഹിതം പോലീസിന് പരാതി കൈമാറുകയുമായിരുന്നു.
കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് തട്ടിപ്പ് നടന്നത്. ഓരോരുത്തരില്‍ നിന്നും നാല് ലക്ഷം രൂപ വാങ്ങിയാണ് വ്യാജ ഉത്തരവ് നല്‍കിയത്. പണം നല്‍കിയവര്‍ക്ക് വ്യാജ നിയമന ഉത്തരവ് നല്‍കിയ ശേഷം പി എസ്‌സി ഓഫീസിലേക്ക് സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായി പോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് കസ്റ്റഡിലുള്ളവര്‍ നല്‍കിയ മൊഴി. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.