കൊച്ചി- ആലുവയിൽ 5 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണയുടെ പ്രാരംഭ നടപടികൾ ഇന്നലെ ആരംഭിച്ചു. എറണാകുളം പോക്‌സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിന്റെ വിചാരണ ഈ മാസം 16ന് ആരംഭിക്കും.
ഇന്നലെ കേസ് പരിഗണിച്ച കോടതി പ്രതി അഫ്‌സാക് ആലത്തിനു മേൽ ചുമത്തിയ കേസുകൾ നിലനിൽക്കുമോ എന്നതിൽ പ്രാഥമിക വാദം കേട്ടു. 10 വകുപ്പുകളും നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കാൻ ശ്രമിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ എന്നീ വകുപ്പുകൾ നിലനിൽക്കിലെന്ന് പ്രതിഭാഗം വാദിച്ചു. കേസ് പരിഗണിക്കുന്ന 16-ാം തീയതി കുറ്റപത്രം പ്രതിയെ വായിച്ചു കേൾപ്പിക്കും. വിചാരണയിൽ പ്രതിക്കും സാക്ഷികൾക്കുമായി പരിഭാഷാ സാഹായം നൽകാനും തീരുമാനമായി.
ജൂലൈ 28നാണു അസ്ഫാക് ആലം പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. സംഭവം നടന്ന് 35-ാം ദിവസമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ പൂർത്തിയാക്കി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമം. കേസിൽ 99 സാക്ഷി മൊഴികളടക്കം 645 പേജുകളുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 62 തൊണ്ടി സാധനങ്ങളും സമർപ്പിച്ചിട്ടുണ്ട്.
ബലാത്സംഗമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. പെൺകുട്ടിയെ കൊലപ്പെടുത്തിയതു പഴച്ചാറിൽ കൂടിയ അളവിൽ മദ്യം കലർത്തി കുട്ടിയെ കുടിപ്പിച്ച ശേഷമാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പ്രതിയായ ബിഹാർ സ്വദേശി അസഫാക് ആലത്തിന്റെ പ്രകൃതിവിരുദ്ധ പീഡനത്തിനിടെ ബോധരഹിതയായ കുട്ടി ഉണരുമ്പോൾ വിവരം പുറത്തു പറയുമെന്ന് കരുതിയാണു കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.