തൃശൂര്‍- കൊലക്കേസ് പ്രതി പോലീസുകാരനെ വെട്ടി പരിക്കേല്‍പിച്ചു. ചേര്‍പ്പ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ ഏങ്ങണ്ടിയൂര്‍ തൃത്തലൂര്‍ കടവത്ത് സുനിലിനാണ്(38) വെട്ടേറ്റത്. വടിവാളുകൊണ്ട് മുഖത്ത് വെട്ടേറ്റ സുനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുനിലിനെ കൂടാതെ മറ്റു രണ്ട് പോലീസുകാര്‍ക്കു നേരെയും ആക്രമണമുണ്ടായി. കൊലക്കേസ് പ്രതി ചൊവ്വൂര്‍ മാളിയേക്കല്‍ ജിനോ ജോസാണ് ആക്രമിച്ചത്.
ആക്രമണത്തിനു ശേഷം ഇയാള്‍ കാറില്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഇവരുടെ ബന്ധുവായ ചൊവ്വൂര്‍ കുന്നത്തുപറമ്പില്‍ വിബിന്‍ (24) ആത്മഹത്യ ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്കും രാത്രിയും ഇവരുടെ വീട്ടില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇത് അന്വേഷിക്കാനെത്തിയതായിരുന്നു പോലീസ് സംഘം. ചോദ്യം ചെയ്യലിനിടയില്‍ ജിനു ജോസ് വടിവാള്‍ എടുത്ത് സിപിഒ സുനിലിന്റെ മുഖത്ത് വെട്ടുകയായിരുന്നു. ഉടനെ പോലീസ് സംഘം ചേര്‍പ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് കൂര്‍ക്കഞ്ചേരിയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആക്രമണം നടത്തിയ ജിനു ജോസ് ഒട്ടേറെ കഞ്ചാവ്, ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷൈജുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.