കൊച്ചി- സ്വന്തമായി അധ്വാനിച്ചും കോളെജ് പഠനം തുടര്‍ന്നും ജീവിത സാഹചര്യങ്ങളെ ധീരമായി നേരിട്ട് മാതൃകയായ ഹനാന് ഒടുവില്‍ സ്വന്തമായി ഒരു വീട് ഒരുങ്ങുന്നു. മത്സ്യ വില്‍പ്പന നടത്തിയതിന് സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപത്തിനിരയായ ഹനാന്റെ ജീവിതമറിഞ്ഞ കുവൈത്ത് പ്രവാസിയും തൊടുപുഴ സ്വദേശിയുമായ ജോയ് മുണ്ടക്കാടനാണ് അഞ്ച് സെന്റ് ഭൂമി നല്‍കാമെന്നേറ്റത്. ഹനാനെ സംരക്ഷിക്കേണ്ടത് മലയാളി സമൂഹത്തിന്റെ ബാധ്യതയാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് ഈ സഹായമെന്നും ജോയ് പറഞ്ഞു.
ഹനാന്‍ പഠിക്കുന്ന തൊടുപുഴ അല്‍ അസര്‍ കോളെജിനു സമീപ പ്രദേശത്താണ് ഭൂമി നല്‍കുന്നത്. കോളെജിലേക്കുള്ള യാത്രാ സൗകര്യം പരിഗണിച്ചാണിത്. ഈ ഭൂമിയില്‍ ഹനാന് വീടു നിര്‍മ്മിച്ചു നല്‍കാമെന്ന് കുവൈത്തിലെ ബൗബിയാന്‍ ഇന്‍ഡസ്ട്രി ഫോര്‍ ഗ്യാസസ് എന്ന സ്ഥാപനം അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.