Sorry, you need to enable JavaScript to visit this website.

നിപ സംശയത്തില്‍ സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍, മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് മന്ത്രി റിയാസ്

കോഴിക്കോട് -  നിപ സംശയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. കോഴിക്കോട്ട്  മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടില്ല, ജാഗ്രതയുടെ ഭാഗമായി മാസ്‌ക് ധരിക്കാമെന്നാണ് നിര്‍ദ്ദേശം. മാധ്യമപ്രവര്‍ത്തകര്‍ ആശങ്ക സൃഷ്ടിക്കരുതെന്നും മന്ത്രി പറഞ്ഞു. നിപ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.  എട്ട് പഞ്ചായത്തുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. നിപയുടെ സൂചന കിട്ടിയ സമയം മുതല്‍ പ്രതിരോധ മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. വൈകിട്ടോടെ റിസള്‍ട്ട് വരും. റിസള്‍ട്ട് എന്തായാലും തുടര്‍ നടപടികള്‍ എന്തായിരിക്കണമെന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തി. എട്ട് പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തു. മരുതോങ്കര പഞ്ചായത്തില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് മന്ത്രി പറഞ്ഞു. തൊണ്ണൂറ് വീടുകളില്‍ പരിശോധന നടത്തിയതില്‍ സൂചനകള്‍ കണ്ടെത്തിയിട്ടില്ല. ഭയപ്പെടേണ്ട സാഹചര്യമില്ല എന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ജാഗ്രത തുടരാനാണ് തീരുമാനം. മാധ്യമങ്ങളും ഭയപ്പാട് ഉണ്ടാക്കരുത്. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

 

Latest News