Sorry, you need to enable JavaScript to visit this website.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രൻ അടക്കമുള്ള മുഴുവൻ പ്രതികളും കോടതിയിൽ ഹാജറാകണം

കാസർഗോഡ് - മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളും കോടതിയിൽ ഹാജരാവണമെന്ന് കർശന നിർദേശം. ഈ മാസം 21ന് കാസർഗോഡ് ജില്ലാ സെഷൻസ് കോടതിൽ ഹാജരാവാനാണ് കോടതിയുടെ ഉത്തരവ്. ഇതുവരെ പ്രതികളാരും കോടതിയിൽ ഹാജരായിട്ടില്ലെന്നും ഇത് അനുവദിക്കാൻ കഴിയില്ലെന്നും ഇന്ന് കേസ് പരിഗണിക്കവേ കോടതി വ്യക്തമാക്കി.
 കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നല്കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ബി.ജെ.പി നേതാവ് കെ സുരേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. ബി.ജെ.പി നേതാക്കളായ കെ മണികണ്ഠ റൈ, സുരേഷ് നായ്ക്, സുനിൽ നായ്ക്, കെ ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
 പട്ടികജാതി/പട്ടിക വർഗ അതിക്രമം തടയൽ വകുപ്പ് ഉൾപ്പടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം 171 ബി, ഇ വകുപ്പുകൾക്ക് പുറമേ അന്യായമായി തടങ്കലിൽ വയ്ക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 115 സാക്ഷികളാണ് കേസിലുള്ളത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

Latest News