ന്യൂഡൽഹി - എസ്.എൻ.സി ലാവ്‌ലിൻ കേസിന്റെ പ്രതിപ്പട്ടികയിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സി.ബി.ഐ നൽകിയ ഹരജി വീണ്ടും മാറ്റി. സി.ബി.ഐ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് 35-ാം തവണയും സുപ്രീം കോടതി മാറ്റിവെച്ചത്. നവംബർ ആറിന് ഹരജി പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ആണ് സി.ബി.ഐക്ക് വേണ്ടി ഹാജരായത്. മറ്റു കേസുകളുടെ തിരക്കിലായതിനാൽ കേസ് മാറ്റിവയ്ക്കണമെന്ന് രാജു കോടതിയെ അറിയിക്കുകയായിരുന്നു. ഇതിനെ മറ്റു കക്ഷികളുടെ അഭിഭാഷകർ എതിർത്തില്ലെന്നാണ് വിവരം. തുടർന്നാണ് സുപ്രിം കോടതി പുതിയ തിയ്യതി അറിയിച്ചത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ലാവ്‌ലിൻ കേസിൽ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി വിധി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചത്. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽനിന്നും ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്. പിണറായി വിജയൻ, മുൻ ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസിസ് എന്നിവരെയാണ് പ്രതിപ്പട്ടികയിൽനിന്നും ഹൈക്കോടതി ഒഴിവാക്കിയത്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.