കോഴിക്കോട് - നിപ ബാധയുടെ സംശയത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും പ്രതിരോധ മാര്‍ഗങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അടിയന്തരമായി കോഴിക്കോട്ടെത്തി. പരിശോധനക്കായി പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മരിച്ചവരുമായി സമ്പര്‍കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി റിസ്‌ക് അനുസരിച്ച് പട്ടികപ്പെടുത്തും. ജില്ലയിലാകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാഥമികമായ മുന്നൊരുക്കമാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്നും കോഴിക്കോട്ടെത്തിയ മന്ത്രി പറഞ്ഞു. ഇന്നലെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് അസ്വാഭാവികമായ പനിമരണത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രാഥമികമായ പരിശോധനകള്‍ ഇവിടെ തന്നെ തന്നെ നടത്തി. നിപയാണോയെന്ന് സ്ഥിരീകരിക്കാനായി പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകള്‍ അയച്ചു. അതിനിടെയാണ് ഇന്നലെ വൈകുന്നേരം ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചത്.