കളമശ്ശേരി- ലോറിത്താവളത്തില്‍ രണ്ട് യുവാക്കളുടെ കൈയ്യും കാലും തല്ലിയൊടിച്ച മൂന്ന് പേരെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ നെടുമങ്ങാട് ചുള്ളിമാനൂര്‍ വി. വി. ഹൗസില്‍ വിനോദ് വി (37), കുന്നത്തുകള്‍ എല്ലുവില വെളിതരകോണം അഭയാഭവന്‍ വീട്ടില്‍ ഷൈന്‍കുമാര്‍ (42), നെയ്യാറ്റിന്‍കര കുന്നത്തുകള്‍ കരകോണം ബ്ലാംകുളം പുത്തന്‍വീട്ടില്‍ രാസലയന്‍ വീട്ടില്‍ രാജന്‍ ആര്‍ (49) എന്നിവരെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ലോറി ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി ഷൈജു എസ്, ഇയാളുടെ സുഹൃത്ത് സത്യകുമാര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
കളമശ്ശേരി അപ്പോളോ ടയേഴ്‌സിന് സമീപത്തുള്ള ലോറിത്താവളത്തില്‍ കേസിനാസ്പദമായ സംഭവം നടന്നത്. ഷൈജുവും ഇയാളുടെ സുഹൃത്തായ സത്യകുമാറും സംസാരിച്ചു കൊണ്ടിരിക്കെ ലോറി ഡ്രൈവര്‍മാരായ വിനോദ് വി, ഷൈന്‍കുമാര്‍, രാജന്‍ എന്നിവര്‍ ഷൈജുവിന്റെ സുഹൃത്തിനെ അസഭ്യം പറയുകയും ഇത് ചോദ്യം ചെയ്ത ഷൈജുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും സത്യകുമാറിനെ മൂന്നു പേരും ചേര്‍ന്ന് ചവിട്ടി നിലത്തിടുകയും ലോറിയിലെ ജാക്കി ലിവര്‍ കൊണ്ട് കൈയ്യും കാലും തല്ലിയൊടിക്കുകയായിരുന്നു.
മര്‍ദ്ദനത്തില്‍ ഷൈജുവിന്റെ കൈക്കും സത്യകുമാറിന്റെ കാലിനും ഒടിവുണ്ട്. ഇരുവരും കളമശ്ശേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.