സാവൊപൗളൊ - ലിയണല്‍ മെസ്സിയെ കാണാന്‍ ലാപാസിലെ ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. എന്നാല്‍ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം കാരണം ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടുള്ള ലാപാസില്‍ ബൊളീവിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനക്കു വേണ്ടി മെസ്സി കളിക്കാനിടയില്ല. തുടര്‍ച്ചയായ കളികളുടെ ക്ഷീണത്തിലാണ് മെസ്സി. പുതിയ കോച്ചിന് കീഴില്‍ ബൊളീവിയയെ 5-1 ന് തകര്‍ത്ത ബ്രസീലിന് പെറുവുമായാണ് മത്സരം. ഉറുഗ്വായ്, കൊളംബിയ ടീമുകളും ആദ്യ മത്സരം ജയിച്ചിരുന്നു.
സമുദ്രനിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയരത്തിലുള്ള ഹെര്‍ണാണ്ടൊ സിലേസ് സ്റ്റേഡിയത്തിലാണ് അര്‍ജന്റീന-ബൊളീവിയ മത്സരം. സന്ദര്‍ശക ടീമുകളിലെ കളിക്കാര്‍, പ്രത്യേകിച്ച് പ്രായം കൂടുതലുള്ളവര്‍ ഇവിടെ കളിക്കാന്‍ പ്രയാസപ്പെടും.
ഇക്വഡോര്‍-ഉറുഗ്വായ്, ചിലി-കൊളംബിയ, വെനിസ്വേല-പാരഗ്വായ് മത്സരങ്ങളും ഇന്ന് നടക്കും.