കൊളംബൊ - മഴ കാരണം രണ്ടു ദിവസമായി പൂര്‍ത്തിയായ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെ തരിപ്പണമാക്കി ഇന്ത്യ. ഇന്ത്യന്‍ മുന്‍നിര സൃഷ്ടിച്ച റണ്‍ മഴയില്‍ വിറങ്ങലിച്ചു പോയ പാക്കിസ്ഥാന് ഒന്ന് പൊരുതാന്‍ പോലുമായില്ല. പാക്കിസ്ഥാനെതിരെ തങ്ങളുടെ ഉയര്‍ന്ന സ്‌കോറായ രണ്ടിന് 356 റണ്‍സാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. പകച്ചു പോയ പാക്കിസ്ഥാന്‍ 32 ഓവറില്‍ 128 ന് ഓളൗട്ടായി. ഇന്ത്യക്ക് 228 റണ്‍സിന്റെ വന്‍ വിജയം. രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും അര്‍ധ ശതകങ്ങള്‍ നേടിയ ശേഷം വിരാട് കോലിയും കെ.എല്‍ രാഹുലും സെഞ്ചുറിയടിച്ചതോടെ ഇന്ത്യ കുതിക്കുകയായിരുന്നു. പിന്നീട് കുല്‍ദീപ് യാദവിന്റെ സ്പിന്നില്‍ (8-0-25-5) പാക്കിസ്ഥാന്‍ കറങ്ങിവീണു.
ടോപ്‌സ്‌കോറര്‍മാരായ ഓപണര്‍ ഫഖര്‍ സമാനെയും (27) ആഗാ സല്‍മാനെയും (23) കുല്‍ദീപ് പുറത്താക്കി. ഓപണര്‍ ഇമാമുല്‍ ഹഖിനെ (9) മടക്കി ജസ്പ്രീത് ബുംറയാണ് ഇന്ത്യക്ക് ബ്രെയ്ക് ത്രൂ നല്‍കിയത്. ഇരട്ട ബൗണ്ടറികളുമായി ബൗണ്ടറികളുമായി തുടങ്ങിയ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ (10) അതിമനോഹരമായ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ഡാക്കി. മുഹമ്മദ് രിസ്‌വാനെ (2) ശാര്‍ദുല്‍ താക്കൂര്‍ മടക്കി. പരിക്കേറ്റ നസീം ഷായും ഹാരിസ് റഊഫും ബാറ്റ് ചെയ്തില്ല. പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ഇത്.
അവസാന മൂന്ന് പന്തില്‍ കോലി 15 റണ്‍സടിച്ചതോടെയാണ് ഇന്ത്യ വമ്പന്‍ സ്‌കോറിലെത്തിയത്. ഫഹീം അശ്‌റഫിന്റെ അവസാന ഓവറിലെ ആദ്യ നാലു പന്തില്‍ മൂന്നു റണ്‍സേ കോലിക്കും (94 പന്തില്‍ 111 നോട്ടൗട്ട്, 6x3, 4X9) കെ.എല്‍ രാഹുലിനും (106 പന്തില്‍ 111 നോട്ടൗട്ട്, 6x2, 4X12) നേടാന്‍ സാധിച്ചുള്ളൂ. എന്നാല്‍ നോബോളായ അഞ്ചാമത്തെ പന്തില്‍ കോലി ബൗണ്ടറി നേടി. ഫ്രീഹിറ്റ് ബൗണ്ടറിക്കും അവസാന പന്ത് സിക്‌സറിനും പറത്തി.
കൊളംബൊയിലെ പ്രേമദാസ സ്റ്റേഡിയം വിരാട് കോലിയുടെ കളിത്തട്ടാണ്. ഇവിടെ മുന്‍ ഇന്ത്യന്‍ നായകന്‍ നേടിയത് തുടര്‍ച്ചയായ നാലാമത്തെ സെഞ്ചുറിയാണ്. ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയന്‍ ഗ്രൗണ്ടില്‍ ഹാശിം അംല തുടര്‍ച്ചയായി നാല് സെഞ്ചുറി നേടിയ റെക്കോര്‍ഡിനൊപ്പമെത്തി കോലി. ബേമിംഗ്ഹാമില്‍ രോഹിത് ശര്‍മ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറിയടിച്ചിട്ടുണ്ട്. സചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന സെഞ്ചുറിയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കോലിക്ക് രണ്ടെണ്ണം കൂടി മതി. കോലി ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് പിന്നിടുന്ന ബാറ്ററായി. തിങ്കളാഴ്ച 25.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 209 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.
ഞായറാഴ്ച മഴ കളി തടസ്സപ്പെടുത്തുമ്പോള്‍ ക്രീസിലുണ്ടായിരുന്ന കോലിയും രാഹുലും അജയ്യമായ മൂന്നാം വിക്കറ്റില്‍ 194 പന്തില്‍ 233 റണ്‍സടിച്ചു. ഇന്നലെ ഇന്ത്യക്ക് വിക്കറ്റ് നഷ്ടപ്പെട്ടില്ല.
ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതിനാല്‍ മാത്രം ടീമിലിടം കിട്ടി രാഹുല്‍ ആറാമത്തെ ഏകദിന സെഞ്ചുറിയാണ് പൂര്‍ത്തിയാക്കിയത്. മാര്‍ച്ചില്‍ അവസാന ഏകദിനം കളിച്ച ശേഷം പരിക്കിന്റെ പിടിയിലായിരുന്നു രാഹുല്‍. കോലിയുടെ നാല്‍പത്തേഴാം സെഞ്ചുറിയാണ്.
മഴ കാരണം ഇന്നലെ പൂര്‍ത്തിയാക്കാനാവാതെ പോയ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോറില്‍ ഇന്നും മഴ പെയ്യാന്‍ വലിയ സാധ്യതയാണ് പ്രവചിക്കപ്പെട്ടത്. ഇന്ത്യ 24.1 ഓവറില്‍ രണ്ടിന് രണ്ടിന് 147 ല്‍ നില്‍ക്കുമ്പോഴാണ് ആദ്യ ദിനം കളി തടസ്സപ്പെട്ടത്.
തുടര്‍ച്ചയായി മൂന്ന് ദിവസം കളിക്കേണ്ട സാഹചര്യമാണ് ഇന്ത്യന്‍ ടീമിന് ഉണ്ടാവുക. ഇന്ന്ശ്രീലങ്കയുമായി ഇന്ത്യക്ക് കളിയുണ്ട്.