ദല്ലാൾ നന്ദകുമാറിനെ കേരളം അറിഞ്ഞത് വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ നാളുകളിലാണ്. വി.എസിന്റെ ഓഫീസ് കേന്ദ്രീകരിച്ച് നന്ദകുമാർ നടത്തിയതായി ആരോപിക്കപ്പെട്ട കാര്യങ്ങളൊന്നും പിണറായി കാലത്ത് നടക്കില്ലെന്ന് കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ പറഞ്ഞത് ഏറണാകുളം കാരനായ സി.പി.എം-സി.ഐ.ടി.യു നേതാവ് ഗോപിനാഥ്. സമാന കാര്യമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിലും പറഞ്ഞത് -തന്നെ ഓഫീസിൽ വന്ന് കാണാനുള്ള ധൈര്യമൊന്നും ഈ പറയുന്ന ദല്ലാൾ നന്ദകുമാറിനില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞു.
കേരള ഹൗസിൽ ബ്രേക്ഫാസ്റ്റ് കഴിക്കുന്നതിനിടെ ദല്ലാളിനോട് ഇറങ്ങി പോകാൻ പറഞ്ഞ ആളാണ് താൻ. അത് പറയാൻ വിജയന് മടിയില്ല. ദല്ലാൾ തന്റെ അടുത്തുവന്നു എന്നത് ആരോക്കെയോ ചേർന്ന് ആവശ്യത്തിന് വേണ്ടി കെട്ടിച്ചമച്ച കഥയാണ്. തന്റെ അടുത്ത് വരാൻ അയാൾക്ക് ധൈര്യമുണ്ടാകില്ല. മറ്റ് പലയിടത്തും പോകും -എന്ന പ്രയോഗത്തിലും മുള്ളും മുനയും.
അധികാരമേറ്റതിന്റെ മൂന്നാം നാൾ നന്ദകുമാറിനെ ഓഫീസിൽ വിളിച്ചു വരുത്തി ഉമ്മൻചാണ്ടിക്കെതിരായ കള്ളകഥകൾ വാങ്ങി നടപടിയാരംഭിച്ചു എന്ന ആരോപണമാണ് മുഖ്യമന്ത്രി കെ. സുധാകരനുമായുള്ള ബ്രണ്ണൻ കോളേജ് പോരിന്റെ രീതിയിൽ നേരിട്ട് ഇതൊന്നും തന്റെ യടുത്ത് നടക്കില്ലെന്ന മട്ടിൽ തള്ളി പറഞ്ഞത് സതീശനല്ല , വിജയൻ എന്ന പ്രഖ്യാപനത്തിലും നല്ല ആത്മ വിശ്വാസം.
ഉമ്മൻചാണ്ടിക്കെതിരെ ക്രിമിനൽ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാര്യകാരണ സഹിതം പറഞ്ഞു വെച്ചിരുന്നു. ആരോപണം മുഖ്യമന്ത്രിക്കെതിരെയാണ്. പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ട് കൊണ്ടുപോയതും മുഖ്യമന്ത്രിയാണ്. അധികാരത്തിൽ വന്നു മൂന്നാം ദിവസം പരാതിക്കാരി മുഖ്യമന്ത്രിയെ കാണുന്നു. പരാതിക്കാരിക്ക് പണം കൊടുത്തു വിവാദ കത്തു വാങ്ങിയത് നന്ദകുമാർ ആണ്. നന്ദകുമാറിന് കാശ് കൊടുത്തത് സി.പി.എമ്മും. നന്ദകുമാർ സ്വന്തമായി കാശ് ചെലവാക്കുന്ന ആളൊന്നുമല്ല. സോളാർ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സതീശൻ.
അടിയന്തര പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പിലും പതിവ് പോലെ വാക്കുകൾ അമ്പുകളാക്കി. ആദ്യം കത്ത് കൈപറ്റിയവരിൽ നിന്നും പിന്നെ കത്തു കൈപറ്റിയത് ടി.ജി. നന്ദകുമാറാണ്. സി.പി.എം നേതാക്കളുടെ സമ്മർദം കൊണ്ടാണ് കത്തിൽ ഇടപെട്ടത് എന്ന് നന്ദകുമാർ മൊഴി നൽകിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തിൽ സൈബർ ആക്രമണത്തിന്റെ തുടക്കം സോളാർ കേസിലാണ്. ഉമ്മൻചാണ്ടിയെയും കുടുംബത്തേയും സമാനതകളില്ലാതെ വേട്ടയാടി. ആരു ക്ഷമിച്ചാലും കേരള സമൂഹം മാപ്പ് തരില്ല. കത്തിൽ പിണറായിയുടെ പങ്ക് പുറത്തു വരണം. അവതാരങ്ങൾ ഉണ്ടാകില്ലെന്ന് പറഞ്ഞ് അധികാരത്തിലേറി മൂന്നാം ദിവസം പരാതിക്കാരിയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി. സ്ത്രീയുടെ പരാതി ആയത് കൊണ്ട് സി.ബി.ഐക്ക് വിട്ടുവെന്നാണ് പിണറായി പറയുന്നത്. ജിഷ്ണു പ്രണോയിയുടെ അമ്മയോട് പക്ഷെ പിണറായി എങ്ങിനെ പെരുമാറിയെന്ന് ഷാഫി പറമ്പിലിന്റെ ചങ്കിൽ കുത്തുന്ന ചോദ്യം കേട്ടപ്പോൾ സമര വേദികളിൽ കരഞ്ഞു തളരുന്ന മഹിജ എന്ന വടകര വളയം കാരി അമ്മയുടെ ചിത്രം ഒരിക്കൽ കൂടി ഓർമയിൽ തെളിഞ്ഞു.
വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന പ്രതിപക്ഷ നിരയെ ആ മട്ടിൽ നേരിടണമെങ്കിൽ സി.പി.എമ്മിന് ഡോ. കെ.ടി. ജലീൽ തന്നെ വേണം. സോളാർ കേസിന്റെ പുത്തൻ അധ്യായത്തിലും ജലീൽ തന്നെ ഭരണ പക്ഷന്യായീകരണ രംഗത്തെ താരമായി.
'കേരളത്തിലെ പല വിവാദങ്ങളുടെയും അടിവേര് ചികഞ്ഞാൽ കോൺഗ്രസ് ഗ്രൂപ്പ് വഴക്കിലാണ് എത്തിനിൽക്കുക. ഐ.എസ്.ആർ.ഒ ചാരക്കേസ് ഉണ്ടാക്കിയത് ലീഡർ കെ. കരുണാകരനെ വീഴ്ത്താനായിരുന്നുവെന്ന് പറഞ്ഞത് മകനും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന കെ. മുരളീധരനായിരുന്നു. കോൺഗ്രസ് പിളർപ്പിലേക്കാണ് അതെത്തിയത്. ചാരക്കേസ് മുതൽ ഇങ്ങോട്ട് എടുത്താൽ വിവാദങ്ങൾക്ക് പിന്നിൽ കോൺഗ്രസ് ഗ്രൂപ്പ് പോരാണെന്ന് വ്യക്തമാകും. ചാരക്കേസിന് ശേഷം കോൺഗ്രസുകാർ ഉണ്ടാക്കിയതാണ് സോളാർ കേസ്. അതിന്റെ ശിൽപികളും പിതാക്കളും കോൺഗ്രസുകാരാണെന്ന് ജലീലിന് ഉറപ്പ്.
വിവാദ കത്തിന് 'പോരിശയാക്കപ്പെട്ട' കത്ത് എന്ന പേരിട്ടുവിളിച്ചത് ലീഗിലെ അഡ്വ. എൻ. ഷംസുദ്ദീനാണ്. ആ കത്തിന്റെ പേജിന്റെ എണ്ണം പോലും വലിയ തർക്കവിഷയമാണ്. ഏതായാലും നാല് പേജ് എഴുതി ചേർത്തത് ഇതാ ഇവിടെയിരിക്കുന്ന കെ.ബി. ഗണേഷ് കുമാറാണെന്ന ഷംസുദ്ദീന്റെ വാക്കുകൾ ഗണേഷ് കുമാറിനെ പ്രകോപിച്ചു. താനൊരു നിരപരാധി എന്ന് പറയാൻ കിട്ടാവുന്ന പദങ്ങളൊക്കെ ഗണേഷ് ഉപയോഗിച്ചു. വീട്ടിലിരിക്കേണ്ടി വന്നാലും താനിനി യു.ഡി.എഫിലേക്കില്ലെന്ന് ഗണേഷ് കുമാർ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ഗണേഷിനെ അടുപ്പിച്ചു പോകരുതെന്ന് യൂത്ത് കോൺഗ്രസ് നിലപാട് കഴിഞ്ഞ ദിവസം ഷാഫി പറമ്പിൽ പറഞ്ഞിരുന്നു. പി.സി. ജോർജ് യു.ഡി.എഫിലേക്ക് പാലമിടുന്നുണ്ടെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.സി.യെ തോൽപിച്ച സെബാസ്റ്റിയൻ കുളത്തുങ്ങലിന് നല്ല സംശയം. സി.പി.ഐയുടെ പ്രസംഗതാരം പി. ബാല ചന്ദ്രന്റെ വക സോളാർ കേസ് നായികക്ക് ഒരു പേരുകിട്ടി -വിഷ കന്യക. നന്ദി വേണം മിസ്റ്റർ എന്ന് ആരും പ്രതികരിച്ചു കേട്ടില്ല.
ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണമടക്കമുയർത്തിയ പരാതിക്കാരിയുടെ കത്തുമായി ബന്ധപ്പെട്ട 'ഗൂഢാലോചന' അന്വേഷിക്കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ചർച്ചക്കൊടുവിൽ വ്യക്തമാക്കിയിട്ടുണ്ട്.
'മാസപ്പടി' വിവാദത്തിൽ മുഖ്യമന്ത്രി അവസാനം പ്രതികരിച്ചു. മാസപ്പടി എന്ന് പേരിട്ടത് മാധ്യമങ്ങളാണ്. ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറിൽ ഏർപ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണിൽ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നു പറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി മകൾ വീണയുടെ സംരംഭത്തെ അടിമുടി ന്യായീകരിച്ചു.