എടപ്പാള്‍ - വെടിവെക്കാന്‍ ഉന്നമില്ലെന്ന് പറഞ്ഞ് കളിയാക്കിയതിലെ ദേഷ്യമാണ് സുഹൃത്തിനെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് കൊല്ലാന്‍ കാരണമായതെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞമാസം 26 നാണ് ചെറുവല്ലൂര്‍ സ്വദേശി മാമ്പ്രത്തെ ഷാഫി സുഹൃത്തിന്റെ എയര്‍ഗണില്‍നിന്ന് വെടിയേറ്റ് മരണമടഞ്ഞത്. സുഹൃത്തുക്കള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തില്‍ പറ്റിയതാണെന്നാണ് പോലീസ് പ്രാഥമികമായി അറിഞ്ഞിരുന്നത്. എന്നാല്‍ പ്രതി സജീവ് മുഹമ്മദിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ നടത്തിയ വിശദ ചോദ്യംചെയ്യലിലാണ് സത്യം വെളിപ്പെടുത്തിയത്.
സജീവ് മുഹമ്മദ് കൈയിലുള്ള എയര്‍ഗണ്‍ ഉപയോഗിച്ച് അതുവഴി പോയ പൂച്ചയെ വെടിവച്ചിരുന്നു. പൂച്ചയെ പോലും വെടിവെക്കാന്‍ ഉന്നം ഇല്ലാത്ത താന്‍ എന്തിനാണ് ഇത് കൊണ്ടുനടക്കുന്നതെന്ന് പറഞ്ഞു ഷാഫി പലവട്ടം കളിയാക്കി. ഈ ദേഷ്യമാണ് ഷാഫിക്ക് നേരെ എയര്‍ഗണില്‍നിന്ന് വെടിവെക്കാന്‍ കാരണമെന്ന് തെളിവെടുപ്പിനിടെയാണ് പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തിയത്. സുഹൃത്തിന്റെ വീട്ടിലെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം ആമയത്ത് ഇരിക്കുമ്പോഴാണ് ഷാഫിക്ക് വെടിയേറ്റത്. മരിക്കുമെന്ന് താന്‍ കരുതിയിരുന്നില്ല എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. അതേസമയം ആന്തരിക അവയവത്തില്‍ ഏറ്റ മാരക പരിക്ക് മരണത്തിന് കാരണമായി. റിമാന്‍ഡില്‍ ആയിരുന്ന പ്രതിയെ സംഭവം നടന്ന സ്ഥലത്ത് കൊണ്ടുവന്ന തെളിവെടുപ്പ് പൂര്‍ത്തിയാക്കി.