കോട്ടയം - പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ ചോർന്നിട്ടില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി പറഞ്ഞു. ഇടതുമുന്നണിയിൽ അങ്ങനെയൊരു അഭിപ്രായം ഇല്ലെന്നും വിഷയത്തിൽ പ്രാഥമിക അവലോകനം നടത്തിയെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
രാഷ്ട്രീയ വോട്ടുകൾ മുഴുവൻ എൽ.ഡി.എഫിന് കിട്ടിയിട്ടുണ്ട്. പുതുപ്പള്ളിയിൽ പ്രധാന ഘടകം ഉമ്മൻ ചാണ്ടി ഫാക്ടറായിരുന്നു. അതാണ് തെരഞ്ഞെടുപ്പിൽ പ്രകടമായത്. എൽ.ഡി.എഫിന് കിട്ടേണ്ടിയിരുന്ന ചില വോട്ടുകൾ പ്രത്യേക സാഹചര്യത്തിൽ യു.ഡി.എഫിന് കിട്ടിയിട്ടുണ്ടാകം. അതൊരിക്കലും ഭരണവിരുദ്ധ വികാരമല്ല. സർക്കാരിന് നെഗറ്റിവും പോസിറ്റിവുമായ വശങ്ങളുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുന്നത് ഇതല്ലെന്നും പാർട്ടി യു.ഡി.എഫിലേക്ക് പോകുമെന്ന വാർത്തകളിൽ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസ് എം നിലവിൽ സി.പി.എമ്മിനൊപ്പമാണെന്നും നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.