'നിങ്ങൾ പേരെഴുതുന്നതിൽ ഒരു പിശകുണ്ട്. ഹാറൂൺ എന്നല്ല ഹാറൂൻ എന്നാണ് ശരി. നിങ്ങൾക്ക് വിരോധമില്ലെങ്കിൽ ഞാൻ തിരുത്താം'. ചെറിയമുണ്ടം അബ്ദുൽഹമീദ് എന്ന ധിഷണാശാലിയുടേതാണ് വിനീതമായ ഈ വാക്കുകൾ. ശബാബ് വാരികയ്ക്ക് വേണ്ടി ഞാനെഴുതിയ ഒരു ലേഖനത്തിൽ എന്റെ പേരിലെ ഒരക്ഷരം തിരുത്താൻ അനുവാദം ചോദിക്കുന്ന മുഖ്യ പത്രാധിപരോട് മറുത്തൊന്നും ഉരിയാടാനുണ്ടായിരുന്നില്ല എനിക്ക്. ലിപികൾ പെറുക്കിക്കൂട്ടാൻ തുടങ്ങിയ കാലം മുതൽ എഴുതി ശീലിച്ച സ്വന്തം പേര് ഇനി മുതൽ പുതിയ അക്ഷരത്തിലേക്ക് വഴിമാറുന്ന കാര്യമോർത്തപ്പോൾ വല്ലാത്ത സങ്കടമുണ്ടായിരുന്നു. പക്ഷേ ഇത്രയും കാലം ആരും ശ്രദ്ധിക്കാത്ത ഒരു തെറ്റ് സൗമ്യഭാവത്തോടെ ബോധ്യപ്പെടുത്തിയ വിനയാന്വിതനായ ആ പണ്ഡിതനോട് അന്നുതൊട്ട് പ്രത്യേകമായൊരിഷ്ടം പെരുത്തു തുടങ്ങി.
കൃത്യമായി അളന്നു മുറിച്ച് സ്ഫുടം ചെയ്‌തെടുത്ത വൈജ്ഞാനിക സംഭാവനകളും എഴുത്തുജീവിതവുമായിരുന്നു ചെറിയമുണ്ടം എന്ന മുസ്‌ലിം ചിന്തകന്റേത്. എഴുത്തുകാരൻ, പ്രഭാഷകൻ, അധ്യാപകൻ, പത്രാധിപർ തുടങ്ങി വ്യത്യസ്ത പ്രതലങ്ങളിൽ ആത്മാർത്ഥതയോടെ കർമനിരതനായി.
മെലിഞ്ഞ് ശുഷ്‌കിച്ച ആ ശരീരത്തിലെ പെരുമാറ്റരീതികൾക്ക് എന്നും എപ്പോഴും നൈർമല്യതയുടെ വശ്യതയായിരുന്നു. കോഴിക്കോട് റെയിൽവെ സ്‌റ്റേഷൻ റോഡിലെ സംഗീത് ലോഡ്ജിൽ പ്രവർത്തിച്ചിരുന്ന ശബാബ് വാരികയുടെ ഓഫീസിൽ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി മുഖാമുഖം പരിചയപ്പെടുന്നത്. വായനയിലൂടെയും പ്രഭാഷണങ്ങളിലൂടെയും നേരത്തെ സുപരിചിതനാണ്. നാട്യങ്ങളും ജാടകളുമില്ലാത്ത ഒരു സാധു മനുഷ്യൻ. വിനയം കിനിഞ്ഞിറങ്ങുന്ന മുഖത്ത് നിറയെ ജിജ്ഞാസയും വാത്സല്യവും ചെറിയമുണ്ടമെന്ന വിസ്മയ പ്രതിഭയുടെ കൂടെ ജോലി ചെയ്യാൻ ലഭിച്ച അവസരത്തിന്റെ ശീതളിമയിൽ ഏറെ ആഹ്ലാദിച്ച കാലവുമായിരുന്നു അത്.'
ചെറിയമുണ്ടം അബ്ദുൽഹമീദ്, അബൂബക്കർ കാരക്കുന്ന്, ഇ.കെ.എം. പന്നൂർ, എം.ഐ. തങ്ങൾ, മുഹമ്മദ് കൊടിയത്തൂർ, സീതി.കെ.വയലാർ തുടങ്ങിയവരടങ്ങിയ കഴിവുറ്റ പത്രാധിപ സമിതിയുടെ കീഴിൽ ആഴ്ചതോറും നടക്കുന്ന യോഗങ്ങൾ ജ്ഞാന സമ്പന്നമായിരുന്നു. അതിനു പുറമെ ഒന്നും രണ്ടും മാസങ്ങൾക്കിടയിൽ ചേരുന്ന പ്രത്യേക പത്രാധിപ സമിതി യോഗങ്ങളിലേക്ക് ഡോ. ഹുസൈൻ മടവൂർ, എ.അസ്ഗർ അലി, പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി, എം.എം. അക്ബർ, ഇസ്ഹാഖലി കല്ലിക്കണ്ടി തുടങ്ങിയവർ കൂടി വന്നുചേരുന്നതോടെ ചർച്ചകൾ ഏറെ ഹൃദ്യവും ധന്യവുമായിത്തീരും. മതം, സാഹിത്യം, ശാസ്ത്രം, കല, സമകാല പ്രശ്‌നങ്ങൾ തുടങ്ങി എല്ലാ മേഖലകളേയും സ്പർശിക്കുന്ന പഠനാർഹമായ ചർച്ചകൾ അരങ്ങേറും. വളരെ പതിഞ്ഞ സ്വരത്തിൽ മാത്രം സംസാരിക്കുന്ന ചെറിയമുണ്ടത്തിന്റെ ശാന്തമായ മുഖത്തേക്കായിരിക്കും അവസാന വാക്കുകൾക്കായി എല്ലാവരും സാകൂതം ശ്രദ്ധിക്കുക. ആ ധിഷണയിൽ നിന്ന് പ്രസരിക്കുന്ന ചിന്തകൾ യോഗത്തിലെ മുഖ്യ നിരീക്ഷണങ്ങളുടെ കാതലായി മാറുകയും ചെയ്യും.
1991 ൽ ഞാൻ ശബാബിൽ പത്രപ്രവർത്തനം തുടങ്ങിയ കാലത്ത് ആഴ്ചയിൽ രണ്ടും മൂന്നും ദിവസങ്ങളിലായിരുന്നു ചെറിയമുണ്ടം ഓഫീസിൽ വന്നിരുന്നത്. താനൂരിൽ നിന്ന് തീവണ്ടി മാർഗമാണ് കോഴിക്കോട്ടേക്ക് എത്തുക. ക്രമേണ അനാരോഗ്യത്തെ തുടർന്ന് ആഴ്ചയിൽ ഒരു തവണയായി അദ്ദേഹത്തിന്റെ വരവ് ചുരുങ്ങി. യാത്ര വളരെ പ്രയാസകരമായ അവസ്ഥയിലേക്ക് മാറിയപ്പോൾ സ്വന്തം വീട്ടിൽ വെച്ച് എഡിറ്റിംഗ് ജോലികൾ നിർവഹിക്കാനും ലേഖനങ്ങൾ എഴുതാനും അദ്ദേഹം ഒരുപാട് സമയം നീക്കിവെച്ചു.
അദ്ദേഹം രാവിലെ കോഴിക്കോട് ഓഫീസിൽ എത്തുന്നത് മുതൽ വൈകീട്ട് പോവും വരെ വിശ്രമമില്ലാതെ എഡിറ്റിംഗ് ജോലികളിൽ വ്യാപൃതനാവും. അതിനിടയിൽ എഡിറ്റോറിയൽ കോളവും മുഖാമുഖം ചോദ്യോത്തര പംക്തിയിലേക്കുള്ള ഉത്തരങ്ങളും ചില ലക്കത്തിൽ മുഖപ്രസംഗവും അദ്ദേഹം എഴുതിക്കഴിഞ്ഞിരിക്കും. മറ്റു ചിലപ്പോൾ കവർസ്‌റ്റോറിയും അദ്ദേഹം തന്നെ എഴുതും. ചെറിയമുണ്ടം അബ്ദുൽഹമീദ്, മുസ്‌ലിം, എ.എച്ച് തുടങ്ങിയ തൂലികാനാമങ്ങളിലെല്ലാം എത്രമാത്രം വിജ്ഞാന വിഭവങ്ങളാണ് അദ്ദേഹം കൈരളിക്ക് പകർന്നത് ! സ്വന്തം പേരിന്റെ കൂടെ മദനി എന്ന് ചേർത്തെഴുതുന്നത് അദ്ദേഹം ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. വേറിട്ട ജീവിതത്തിൽ എന്നും കെടാതെ കാത്തുസൂക്ഷിച്ച എളിമയുടേയും വിനയത്തിന്റെയും ഭാഗമായിരുന്നു ആ നിലപാട്.
പ്രചോദനത്തിന്റെ പൂമരം
പുതിയ എഴുത്തുകാരെ പരമാവധി ഉയർത്തിക്കൊണ്ടുവരാൻ പ്രത്യേകം നിഷ്‌കർഷ പുലർത്തുന്ന പ്രകൃതമായിരുന്നു ചെറിയമുണ്ടം സ്വീകരിച്ചിരുന്നത്. ഒരു നിലക്കും പ്രസിദ്ധീകരിക്കാനാവാത്ത രചനകളിൽ കൃത്യമായ കാരണങ്ങൾ ബോധ്യപ്പെടുത്തി, തുടക്കക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി പ്രത്യേകം കുറിപ്പെഴുതി അയക്കുമായിരുന്നു. അദ്ദേഹത്തിന്റെ മനോഹരമായ വടിവൊത്ത കൈയ്യക്ഷരത്തിൽ ലളിതമായ ഭാഷയിൽ എഴുതുന്ന നിർദേശങ്ങൾ നിരവധി പുതിയ എഴുത്തുകാർക്ക് പ്രചോദനമായിട്ടുണ്ട്. ആ വഴി സഞ്ചരിച്ച് പിൽക്കാലത്ത് ശ്രദ്ധേയരായ എഴുത്തുകാർ പലരുമുണ്ട്.
പതിമൂന്ന് വർഷത്തോളം അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാനവസരമുണ്ടായിരുന്നു എനിക്ക്. ഒരുപാടൊരുപാട് നല്ല അനുഭവങ്ങൾ മാത്രമാണ് ഈ കാലയളവിലെല്ലാം അദ്ദേഹത്തിൽനിന്ന് ലഭിച്ചത്. എന്തു സംശയങ്ങളും ധൈര്യമായി ചോദിക്കാം. എത്ര തിരക്കിനിടയിലും വിശദമായ മറുപടി പറയുന്നതിൽ ഒട്ടും വൈമനസ്യം കാണിച്ചിരുന്നില്ല ആ പ്രതിഭ. സംശയലേശമന്യേ കൃത്യമായ നിലപാടുകളിൽ ജ്വലിച്ചു നിൽക്കുന്ന പ്രതികരണങ്ങൾ അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.
പുടവ, ആശയ സമന്വയം എന്നീ മാസികകളുടെ ചുമതലകൾ കൂടി വഹിച്ചിരുന്ന കാലയളവിൽ ചെറിയമുണ്ടത്തിന്റെ കൃപ കൂടുതൽ ആഴത്തിൽ അനുഭവിച്ചിട്ടുണ്ട്. നേരത്തെ തയ്യാറാക്കി വെക്കുന്ന കവർസ്‌റ്റോറികൾ കാലിക പ്രസക്തമായ ചില സംഭവ വികാസങ്ങൾ വന്നുചേരുന്നതോടെ അവസാന നിമിഷത്തിൽ പെട്ടെന്ന് മാറ്റേണ്ടതായി വരും. അത്തരം ഘട്ടങ്ങളിൽ ആധികാരികമായ നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്ന ലേഖനങ്ങൾ വളരെ പെട്ടെന്ന് ലഭിക്കാൻ ചെറിയമുണ്ടവുമായി ബന്ധപ്പെടാറായിരുന്നു പതിവ്. വീട്ടിലെ ലാന്റ് ഫോണിലേക്ക് വിഷയം പറയുകയേ വേണ്ടൂ.. ഉദ്ദേശിച്ച സമയത്തിനു മുമ്പേ ശബാബിന്റെ ഫാക്‌സ് മെഷീനിലെ വെള്ളക്കടലാസിൽ അദ്ദേഹത്തിന്റെ കൈയ്യക്ഷരം പതിഞ്ഞ കവർസ്‌റ്റോറി പറന്നെത്തിയിരിക്കും. അക്കാലയളവിൽ വിവരണാതീതമായ ഒരാശ്വാസമായിരുന്നു താനൂരിനടുത്ത കേരളാധീശ്വരപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് ഒഴുകിയിരുന്നത്. ദീർഘകാലം ശബാബിന്റെ മുഖ്യ പത്രാധിപരായി സേവനമനുഷ്ഠിച്ച അദ്ദേഹം കർമനൈരന്തര്യത്തിന്റെ ശ്രദ്ധേയമായ അധ്യായങ്ങൾ രചിച്ചു.. വിശ്രമമെന്തെന്നറിയാതെ മരണം വരെ ശബാബിലെ സേവനം തുടരുകയും ചെയ്തു.
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ
ശബാബിലെ ജോലിയിൽനിന്ന് വിരമിച്ച് വർത്തമാനം പത്രത്തിലേക്ക് ചേക്കേറിയതിൽ പിന്നെ ചെറിയമുണ്ടത്തെ കാണുന്നത് വല്ലപ്പോഴുമായി ചുരുങ്ങി. പിന്നീട് പ്രവാസത്തിന്റെ കുപ്പായമണിഞ്ഞ് ഷാർജയിലേക്ക് എത്തിയതോടെ ആ സൗമ്യ സാന്നിധ്യം തീർത്തും അകലങ്ങളിലേക്ക് നീങ്ങുകയും ചെയ്തു.
2012 ൽ വക്കം മൗലവി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഏറ്റവും മികച്ച ഇസ്ലാമിക പണ്ഡിതനുള്ള പുരസ്‌കാരം ലഭിച്ചത് ചെറിയമുണ്ടത്തിനായിരുന്നു. കോഴിക്കോട് നടന്ന പുരസ്‌കാര ദാനം നിർവഹിച്ചത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രസ്തുത ചടങ്ങിൽ അദ്ദേഹത്തോടൊന്നിച്ച് വേദി പങ്കിടാൻ എനിക്കും അവസരം ലഭിച്ചിരുന്നു. തിരക്കുപിടിച്ച ചടങ്ങിനിടയിൽ കൂടുതലൊന്നും സംസാരിക്കാൻ ഞങ്ങൾക്കായില്ല. ആ വിഷമം പങ്കുവെച്ചു കൊണ്ട് പിറ്റേന്ന് അതിരാവിലെ തന്നെ അദ്ദേഹത്തിന്റെ ഫോൺ വിളിയാളമെത്തി. എഴുത്തും വായനയും ഉൾപ്പടെ സമകാല വിഷയങ്ങളെല്ലാം പരാമർശിച്ച ആ സംസാരം ഏറേ സമയം ദീർഘിച്ചിരുന്നു.
പിന്നീട് 2013 ൽ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് അതിഥിയായി ചെറിയമുണ്ടം എത്തിയത് പ്രവാസ ലോകത്തെ ഹൃദ്യമായ അനുഭവമായിരുന്നു. ശാരീരിക പ്രയാസങ്ങളെ തുടർന്ന് അദ്ദേഹം വിശ്രമിക്കുന്ന സമയമായിരുന്നു അത്.
പക്ഷേ പുസ്തകമെന്നത് വല്ലാത്തൊരു വികാരമായിരുന്നല്ലോ ചെറിയമുണ്ടത്തിന്.
സർക്കാർ അധ്യാപക ജോലിയിൽനിന്ന് ആ മനുഷ്യൻ സ്വയം വിരമിച്ചത് അക്ഷരങ്ങളുടെ ആഴക്കടലിൽ മുങ്ങിക്കുളിക്കാനായിരുന്നു. തിരൂർ ടൗണിൽ തന്റെ ഭാര്യാപിതാവ് നടത്തിയിരുന്ന പുസ്തകശാല അദ്ദേഹത്തിനേറെ ഇഷ്ടപ്പെട്ട ലോകമായിരുന്നു. പഠന കാലഘട്ടത്തിൽ വിവിധ സ്ഥാപനങ്ങളിലെ ലൈബ്രറി ഗ്രന്ഥങ്ങളിൽ ചെറിയമുണ്ടത്തിന്റെ കരസ്പർശമേൽക്കാത്തവ ഉണ്ടാവില്ല.
എഴുത്തും വായനയും പോലെ ആ ജീവിതത്തിന് സന്തോഷം നൽകിയിരുന്ന മറ്റൊന്നുമുണ്ടായിരുന്നില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
എല്ലാ അസ്വസ്ഥതകളേയും ചുരുട്ടിക്കെട്ടി ഒരു യുവാവിന്റെ പ്രസരിപ്പോടെ ചെറിയമുണ്ടം ഷാർജയിലെ പുസ്തകക്കൂമ്പാരത്തിലേക്ക് പറന്നെത്തി. ആരോഗ്യത്തിന്റെ ദൈവശാസ്ത്രം എന്ന വിഷയത്തിൽ അസാമാന്യ ധിഷണാപാടവത്തോടെയായിരുന്നു അന്നദ്ദേഹം പ്രസംഗിച്ചത്. യു.എ.ഇയിലെ ബഹുമത മലയാളീ സമൂഹത്തിലെ പ്രഗത്ഭർ തിങ്ങിനിറഞ്ഞ അത്യപൂർവ സദസ്സ്! ഷാർജ എക്‌സ്‌പോ സെൻററിലെ ഇൻറലക്ച്വൽ ഹാളിൽ അപാരമായ വാഗ്‌ധോരണികൾ കൊണ്ട് ചെറിയമുണ്ടം പ്രഭാഷണകലയിൽ പുതിയ ലോകം പണിതു. മൗലികമായ ആശയങ്ങൾ നിറച്ച വാക്കുകൾ കൊണ്ട് അദ്ദേഹം അമ്മാനമാടുന്നത് ഇമ വെട്ടാതെയാണ് ഓരോരുത്തരും കാതോർത്തത്. ഗൾഫിലെ കണ്ണ് റാഞ്ചുന്ന മനോഹര വേദിയിൽ മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യൻ ശ്രദ്ധാകേന്ദ്രമായിത്തീർന്നു. പതിനാലാം രാവ് പോലെ വെട്ടിത്തിളങ്ങുന്ന അദ്ദേഹത്തിന്റെ കണ്ണുകളിലും സ്വച്ഛന്ദമായ ജലപ്രവാഹം പോലെ കൊതിപ്പിക്കുന്ന ശബ്ദവീചികളിലും ലയിച്ചിരിക്കുകയായിരുന്നു ശ്രോതാക്കളുടെ മനസ്സാകെ. ഷാർജ ഗവൺമെന്റ് ബുക് അതോറിറ്റി എക്‌സിക്യൂട്ടീവ് ഓഫീസർ മോഹൻകുമാർ തന്റെ ജീവിതത്തിലാദ്യമായി അനുഭവിച്ച ഒരനർഘ നിമിഷമായി ചെറിയമുണ്ടത്തിന്റെ വിജ്ഞാന ചക്രവാളത്തെയും പ്രഭാഷണ മികവിനെയും കുറിച്ച് വേദിയിൽ നിന്ന് പ്രഖ്യാപിച്ചപ്പോൾ കരഘോഷം മുഴക്കിയാണ് സദസ്യർ എതിരേറ്റത്. ലോകത്ത് മൂന്നാം സ്ഥാനത്തുള്ള, ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന മഹാപുസ്തകമേളയിലെ മറ്റൊരപൂർവ വൈജ്ഞാനിക വിഭവമായിരുന്നു ചെറിയമുണ്ടത്തിന്റെ ഈ പ്രഭാഷണം.
ധിഷണയുടെ തിളക്കം
മതത്തെ വിവാദങ്ങളിൽ തളച്ചിടാൻ ഒരിക്കലും കൂട്ടാക്കാത്ത പണ്ഡിതനായിരുന്നു ചെറിയമുണ്ടം. അഭിപ്രായ വ്യത്യാസങ്ങളെ പർവതീകരിക്കുന്ന സാമുദായിക സമ്പ്രദായങ്ങളോടും രീതികളോടും അദ്ദേഹം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. മാനവികമൂല്യങ്ങൾക്കും മാനുഷിക പരിഗണനകൾക്കും അദ്ദേഹം വിലകൽപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതയാത്രയിലുടനീളം ഐക്യവും സാഹോദര്യവും നിലനിർത്താനുള്ള ഉൽക്കടമായ ത്വര നിറഞ്ഞുനിന്നിരുന്നു.
അതുകൊണ്ടുതന്നെ അനേകം പണ്ഡിതന്മാർക്കിടയിൽ വേറിട്ടൊരു ദൗത്യമാണദ്ദേഹം നിർവഹിച്ചത്. ചിന്താ സപര്യയുടെ നിറവിൽ ഒരു പരിഷ്‌കർത്താവിന്റെ ഭാഗധേയമാണ് അദ്ദേഹം സമ്മാനിച്ചത്..
ചെറിയമുണ്ടവും കുഞ്ഞിമുഹമ്മദ് പറപ്പൂരും ചേർന്നൊരുക്കിയ വിശുദ്ധ ഖുർആൻ പരിഭാഷ ലോക മലയാളികൾക്കു ലഭിച്ച അമൂല്യമായൊരു സംഭാവനയാണ്. സാധാരണക്കാരന് ഇത്രയേറെ ലളിതമായി ദൈവികഗ്രന്ഥത്തിന്റെ സാരംശം ഉൾക്കൊള്ളാൻ കഴിയുന്ന മറ്റൊരു പരിഭാഷാ ഗ്രന്ഥവും ഇല്ലെന്ന് കാലം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. സഊദി അറേബ്യയിലെ മതകാര്യ മന്ത്രാലയത്തിന്റെ കീഴിൽ ലക്ഷക്കണക്കിന് പ്രതികളാണ് ഓരോ വർഷവും സൗജന്യമായി വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്.
നാൽപ്പതോളം കനപ്പെട്ട മൗലിക രചനകൾ ചെറിയമുണ്ടത്തിന്റേതായി വിവിധ പ്രസാധകർ പുറത്തിറക്കിയിട്ടുണ്ട്. എല്ലാം ആധികാരിക റഫറൻസ് കൃതികളായി അനേകം പേർ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
മോഡേൺ അറബി ട്യൂട്ടർ, അറേബ്യൻ ഗൾഫിലെ സംസാരഭാഷ, ഭാഷാ പഠന സഹായി എന്നിവ പ്രവാസികൾ ഉൾപ്പടെ നിരവധി പേർക്ക് ജീവിതത്തിലെ മറക്കാനാവാത്ത വഴികാട്ടിയായ ഗ്രന്ഥങ്ങളാണ്.
കേരളത്തിന് പുറമെ പ്രവാസ ലോകത്തും ഒരുപാട് ധന്യമായ ഓർമകൾ വാരി വിതറിയാണ് ചെറിയമുണ്ടം എന്ന വലിയ ധിഷണാശാലി വിടവാങ്ങിയിരിക്കുന്നത്. ഖത്തറിൽ നിന്നാണ് ഞാനീ കുറിപ്പെഴുതുന്നത്. മതരംഗത്തെ പഠനപ്രവർത്തനങ്ങൾക്ക് ഖത്തർ ഗവൺമെന്റിന്റെ ഫെലോഷിപ്പിന് അദ്ദേഹം അർഹനായിട്ടുണ്ട്. ഖത്തർ മലയാളീ സമ്മേളനം ഉൾപ്പടെ ശ്രദ്ധേയമായ പരിപാടികളിൽ ഗഹനമായ പ്രബന്ധങ്ങൾ സമർപ്പിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു.
ബഹുഭാഷാ ജ്ഞാനിയായ ചെറിയമുണ്ടം ലാളിത്യത്തിനും വിനയത്തിനും സ്വന്തം ജീവിതം കൊണ്ട് എമ്പാടും മാതൃകകൾ തീർത്ത മഹാനാണ്. ധന്യമായ ആ ഓർമകൾ തലമുറകൾക്ക് വഴികാട്ടിയായി കാലത്തിന് മുമ്പിലുണ്ടാവും. ആ കർമയോഗിയുടെ പാരത്രികജീവിതം പ്രകാശപൂരിതമാവട്ടെ...