ജിദ്ദ - സൗദി യുവാവിന്റെ സമയോചിത ഇടപെടൽ പെട്രോൾ ബങ്കിൽ വൻ ദുരന്തം ഒഴിവാക്കാൻ സഹായിച്ചു. ബങ്കിൽ വെച്ച് ഇന്ധനം നിറക്കുന്നതിനിടെ കാറിൽ അപ്രതീക്ഷിതമായി തീ പടർന്നുപിടിക്കുകയായിരുന്നു. ഇത് കണ്ടയുടൻ സൗദി യുവാവ് ഓടിയെത്തി പെട്രോൾ ബങ്കിലെ അഗ്നിശമന സംവിധാനത്തിന്റെ ഭാഗമായ പൈപ്പ് വലിച്ചെടുത്ത് കാറിലെ തീയണക്കുകയായിരുന്നു. കാറിന്റെ അടിഭാഗത്താണ് തീ ആദ്യം പടർന്നുപിടിച്ചത്. സ്വന്തം ജീവൻ തൃണവൽഗണിച്ച് ഏറെ പണിപ്പെട്ട് ഈ ഭാഗത്തേക്ക് വെള്ളം അടിച്ച് കാർ പൂർണമായും കത്തിനശിക്കുന്നതും പെട്രോൾ ബങ്കിലേക്ക് തീ പടർന്നുപിടിക്കുന്നതും യുവാവ് തടയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.