തിരുവനന്തപുരം- ദല്ലാൾ നന്ദകുമാർ തന്നെ ദൽഹിയിൽ കേരള ഹൗസിൽ വന്നു കണ്ടപ്പോൾ ഇറങ്ങിപ്പോകാനാണ് പറഞ്ഞതെന്നും അയാൾക്ക് പിന്നീടും തന്നെ വന്നുകാണാനുള്ള മാനസികശേഷി ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിജയനും സതീശനും ഒന്നല്ലെന്നും പ്രതിപക്ഷ നേതാവിനെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. സതീശനും വിജയനും തമ്മിൽ വ്യത്യാസമുണ്ട്.
സോളാർ കേസിൽ പ്രത്യേക താൽപര്യത്തോടെ ഉമ്മൻ ചാണ്ടിക്ക് എതിരെ പരാതി എഴുതിവാങ്ങാൻ ശ്രമിച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തെറ്റാണ്. അധികാരത്തിൽ വന്ന് മൂന്നാമത്തെ മാസമാണ് സോളാർ കേസിലെ പരാതിക്കാരി പരാതിയുമായി വന്നത്. യു.ഡി.എഫ് നേതൃത്വത്തിൽ നടന്ന അധികാര ദുർവിനിയോഗത്തിന്റെയും അരാജകത്വത്തിന്റെയും തെളിവായിരുന്നു സോളാർ തട്ടിപ്പ്. യു.ഡി.എഫ് സർക്കാർ തന്നെ നിയമിച്ച കമ്മീഷനാണ് ഇക്കാര്യം കണ്ടെത്തിയത്.
ഉപ്പുതിന്നവർ വെള്ളം കുടിക്കണം എന്നാണ് അന്നും ഇന്നുമുള്ള നിലപാട്. മുൻ ചീഫ് വിപ്പും മുൻ കെ.പി.സി.സി അധ്യക്ഷനും സോളാർ കേസിൽ യു.ഡി.എഫ് നേതാക്കൾക്കും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുമെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള രാഷ്ട്രീയത്തിൽ വേട്ടയാടലുകളുടെ ഒരു ചരിത്രമുണ്ട്. 1957-59 കാലത്ത് ആദ്യ നിയമസഭയിൽ പ്രതിപക്ഷ നേതാവായും പിന്നീട് വന്ന കോൺഗ്രസ് മന്ത്രിസഭയിൽ അംഗവുമായ പി.ടി ചാക്കോയെ അന്നത്തെ കോൺഗ്രസ് ഗ്രൂപ്പുകൾ ഏത് രീതിയിലാണ് വിമർശിച്ചത്. അത് വേട്ടയാടലാണോ അല്ലയോ എന്നത് ഞാൻ പറയേണ്ട കാര്യമില്ല. പിന്നീട് കരുണാകരന് എതിരെയും വേട്ടയാടലുണ്ടായി. പിന്നിൽനിന്നും മുന്നിൽനിന്നും കുത്തിയ നേതാക്കളെ പറ്റി അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സോളാർ കേസ് ശമിച്ചുനിൽക്കുന്ന ഘട്ടത്തിൽ അത് വീണ്ടും ചർച്ചയാക്കി കൊണ്ടുവരുന്നത് ഉമ്മൻ ചാണ്ടിയെ വേട്ടയാടലാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ നീക്കം ജനം തിരിച്ചറിയുന്നുണ്ടെന്നും പിണറായി പറഞ്ഞു.