തിരുവനന്തപുരം- തനിക്ക് വളഞ്ഞ വഴിയിലൂടെ ഒന്നും ചെയ്യേണ്ട കാര്യമില്ലെന്നും ഉണ്ടെങ്കിൽ നേരിട്ട് ചെയ്യുമെന്ന് മുൻ മന്ത്രി കെ.ബി ഗണേഷ് കുമാർ എം.എൽ.എ നിയമസഭയിൽ. ഞാൻ തുറന്ന പുസ്തകമാണെന്നും സത്യമാണ് തന്റെ ദൈവമെന്നും ഗണേഷ് കുമാർ പറഞ്ഞു. സോളാറിലെ പരാതിക്കാരിയുടെ ആരോപണവുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടിയെ പറ്റി തനിക്കറിയില്ല എന്നാണ് ഞാൻ പറഞ്ഞത്. എന്റെ അച്ഛൻ ബാലകൃഷ്ണപ്പിള്ള പറഞ്ഞത് ഉമ്മൻ ചാണ്ടിയെ പറ്റി ഇല്ലാത്തതാണ് പരാതിക്കാരി എഴുതിയത് എന്നാണ്. ഇത് സി.ബി.ഐ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഉമ്മൻ ചാണ്ടിയുടെ കയ്യിൽ എന്റെ രാജിക്കത്ത് നിർബന്ധിച്ച് ഏൽപ്പിച്ചതായിരുന്നു. ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് പോകുമെന്ന് ആരും വിചാരിക്കരുത്. ഉമ്മൻ ചാണ്ടിക്ക് സോളാർ കേസിൽ പങ്കില്ല എന്ന് തെളിയാൻ കാരണം പിണറായി വിജയനാണ്. അദ്ദേഹം സി.ബി.ഐക്ക് വിട്ടതുകൊണ്ടാണ് ഈ കേസിൽ ഉമ്മൻ ചാണ്ടി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞത്. അതിന് പിണറായി വിജയനോട് കോൺഗ്രസ് നന്ദി പറയണമെന്നും ഗണേഷ് കുമാർ പറഞ്ഞു. തങ്ങളെ രക്ഷിക്കണമെന്ന് പറഞ്ഞ് പല യു.ഡി.എഫ് നേതാക്കളും സഭയിലുണ്ട്. അവരുടെ പേര് വെളിപ്പെടുത്താത്തത് മാന്യത കൊണ്ടാണെന്നും ഗണേഷ് കുമാർ പറഞ്ഞു.