Sorry, you need to enable JavaScript to visit this website.

യുവസുന്ദരി മുന്നില്‍ വരും, തുണിയഴിക്കും: പിന്നെ സംഭവിക്കുന്നത് ? പെട്ടു പോകാതെ സൂക്ഷിച്ചോ


കോഴിക്കോട് - രാത്രി കട പൂട്ടി വന്ന് ഭക്ഷണവും കഴിച്ച് കിടക്കുന്നതിന് മുന്‍പ് ലാപ്‌ടോപ്പില്‍ കയറി സിനിമ കാണുന്നതിനിടയ്ക്ക് രാത്രി പതിനൊന്ന് മണിയോടെയാണ് കോഴിക്കോട്ടെ ബിസിനസുകരനായ രതീഷിന് (വ്യക്തിയുടെ സ്വകാര്യത മാനിച്ച് യഥാര്‍ത്ഥ പേര് ഒഴിവാക്കുന്നു) വാട്‌സാപ്പില്‍ ഒരു വീഡയോ കോള്‍ വരുന്നത്. അജ്ഞാത നമ്പറില്‍ നിന്ന് വന്ന കോള്‍ എടുത്തു നോക്കിയോപ്പോള്‍ സുന്ദരിയായ യുവതി ഹിന്ദിയില്‍ എന്തൊക്കെയോ പറയുന്നു. ഹിന്ദി അത്യാവശ്യം അറിയാവുന്നതുകൊണ്ട് നല്ല പഞ്ചാര വര്‍ത്തമാനമാണ് യുവതിയുടെതെന്ന് രതിഷിന് മനസ്സിലായി. വര്‍ഷങ്ങളോളം പരിചയമുള്ള ആളെപ്പോലെ സംസാരിച്ച യുവതി എതാനും നിമിഷങ്ങള്‍ക്ക് ശേഷം വിവസ്ത്രയാകാന്‍ തുടുങ്ങി. കാണാന്‍ കൊള്ളാവുന്ന യുവതി തന്റെ മുന്നില്‍ വന്ന് തുണിയഴിച്ച് ശരീര ഭാഗങ്ങള്‍ ഓരോന്നായി കാണിച്ചപ്പോള്‍  രതീഷിന് ഫോണ്‍ കട്ട് ചെയ്യാന്‍ തോന്നിയില്ല. സ്വയം നഗ്നയായ യുവതി രതീഷിനോടും തന്റെ സ്വകാര്യ ഭാഗങ്ങള്‍ കാണിക്കാന്‍ പറഞ്ഞു. രാത്രിയുടെ സ്വകാര്യതയില്‍ രതീഷും യുവതിയുടെ പ്രലോഭനങ്ങളില്‍ വീണ് നഗ്‌നായി. അത് കഴിഞ്ഞ് എതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കോള്‍ കട്ടായി. രതിയുടെ ആവേശക്കൊടുമുടിയിലായ രതീഷന്‍ തിരിച്ച് വീഡിയോ കോളില്‍ വിളിച്ചു നോക്കി. ആരും എടുക്കുന്നില്ലെന്ന് കണ്ടപ്പോള്‍ നിരാശനായി.

ഇനിയാണ് ക്ലൈമാക്‌സ്,  രതീഷിന്റെ വാട്‌സാപ്പിലേക്ക് രണ്ട് മൂന്ന് വീഡിയോകള്‍ വന്നു. നോക്കുമ്പോള്‍ താന്‍ തൊട്ടുമുന്‍പ് യുവതിയുമായി നടത്തിയ വീഡിയോ കോളിലെ തന്റെ തന്നെ അശ്ലീല ദൃശ്യങ്ങളായിരുന്നു. ചുവടെ താക്കീതായി ഇംഗ്ലീഷില്‍ മറ്റൊരു സന്ദേശവും. താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പറിലേക്ക് ഉടന്‍ 15,000 രൂപ അയക്കണം. അല്ലെങ്കില്‍ താങ്കളുടെ ന്ഗ്ന വീഡിയോ സോഷ്യല്‍ മീഡിയകളിലെ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കും. മാത്രമല്ല രതീഷിന്റെ ഫെയ്‌സ് ബുക്ക് സുഹൃത്തുക്കളുടെ പേരുകളുടെ സ്‌ക്രീന്‍ ഷോട്ടും ഇതില്‍ നല്‍കിയിരുന്നു. 

തൊട്ടു മുന്‍പുവരെ തന്റെ മുന്നില്‍ തെളിഞ്ഞ യുവതിയുടെ നഗ്ന ശരീരത്തില്‍ അഭിരമിച്ചുകൊണ്ടിരുന്ന രതീഷ് ഒരു ഞെട്ടലോടെയാണ് വാട്‌സാപ്പില്‍ വന്ന തന്റെ അശ്ലീല വീഡിയോകളും അതിന് താഴെയുള്ള സന്ദേശവും കണ്ടത്. ഈ നിമിഷം മരിച്ചുപോയെങ്കിലെന്ന് അയാള്‍ ആഗ്രഹിച്ചു പോയി. ഇന്റെനെറ്റിലെ ചതിക്കുഴികളെക്കുറിച്ച് സുഹൃത്തുക്കളോട് നിരന്തരം പറയാറുണ്ടായിരുന്ന തനിക്ക് തന്നെ ഇങ്ങനെ ഒരു പണി കിട്ടിയതിനെക്കുറിച്ച് അയാള്‍ ഞെട്ടലോടെ ഓര്‍ത്തു. ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഇടയില്‍ തന്റെ നഗ്ന വീഡിയോകള്‍ പ്രചരിച്ചാലുള്ള അവസ്ഥ ഓര്‍ക്കാന്‍ കൂടി വയ്യായിരുന്നു. ഒരു തവണ താന്‍ പണം നല്‍കിയാല്‍ തട്ടിപ്പുകാര്‍ വീണ്ടും വീണ്ടും പണം ആവശ്യപ്പെടുമെന്ന ബോധ്യവും രതീഷിനുണ്ടായിരുന്നു . ഊണും ഉറക്കവുമില്ലാതെ ഒന്ന് രണ്ട് ദിവസം തള്ളി നീക്കി. അതിനിടയില്‍ പണം ആവശ്യപ്പെട്ട് അഞ്ചോ ആറോ തവണ തുടര്‍ സന്ദേശങ്ങളും ഭീഷണികളും വന്നു. ഒടുവില്‍ മടിച്ചുകൊണ്ടാണെങ്കിലും തന്റെ ഏറ്റവും അടുത്ത സുഹൃത്തിനോട് കാര്യം പറഞ്ഞപ്പോള്‍ അയാള്‍ നല്‍കിയ ഉപദേശമാണ് രതീഷിനെ രക്ഷിച്ചത്.

ഓണ്‍ ലൈന്‍ വഴി പണം അടയ്ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ബാങ്ക് അക്കൗണ്ടിന്റെ പേരും വിലാസവും അടക്കം മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ വാട്‌സാപ്പ് ചാറ്റിലൂടെ ആവശ്യപ്പെട്ടു. ദയവു ച്യെത് വീഡിയോ ക്ലിപ്പുകള്‍ പുറത്ത് വിടരുതെന്ന് ഒരു അപേക്ഷയും അയച്ചു. അത് കിട്ടിക്കഴിഞ്ഞപ്പോള്‍ രതീഷ് മറ്റൊരു സന്ദേശം കൂടി അയച്ചു. എല്ലാ വിവരങ്ങളും അടങ്ങിയ പരാതി പോലീസിന് നല്‍കാന്‍ പോകുകയാണെന്നും ഇനി ശല്യപ്പെടുത്തിയാല്‍ മറുപടി പോലീസ് നല്‍കുമെന്നും ധൈര്യത്തില്‍ വെച്ചുകാച്ചി. സംഗതി ഏറ്റു. അതിന് ശേഷം പിന്നെ പണം ആവശ്യപ്പെടുള്ള സന്ദേശങ്ങള്‍ ഒന്നും വന്നിട്ടില്ല. അടുത്തിടെയാണ് ഈ സംഭവവികാസങ്ങളെല്ലാം നടന്നത്. തല്‍ക്കാലത്തേക്ക് പ്രശ്‌നം തീര്‍ന്നെങ്കിലും ഭയപ്പാടോടെയാണ് രതീഷ് ഓരോ ദിവസവും തള്ളി നീക്കുന്നത്. ഏത് നിമഷവും ഇവര്‍ പ്രതികാരവുമായി വന്ന് തന്റെ ദ്യശ്യങ്ങള്‍ പ്ര
ചരിപ്പിക്കുമെന്ന് ഇയാള്‍ ഇപ്പോഴും ഭയപ്പെടുന്നു.

ഒരുപാട് രതീഷുമാര്‍

മേല്‍ പറഞ്ഞത് ഒരു രതീഷിന്റെ മാത്രം കഥയല്ല. നമ്മുടെയിടയില്‍ തന്നെ ഒരുപാട് രതീഷുമാര്‍ ഇത്തരത്തില്‍ തട്ടിപ്പു സംഘങ്ങളുടെ കെണിയില്‍ കുടുങ്ങിപ്പോകുന്നുണ്ട്. തന്റെ അശ്ലീല ദൃശ്യങ്ങള്‍ സുഹൃത്തുക്കളും നാട്ടുകാരും അറിഞ്ഞാല്‍ നാണക്കേട് കൊണ്ട് ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് കരുതുന്നവര്‍ തട്ടിപ്പുകാര്‍ ചോദിക്കുന്ന പണം നല്‍കാന്‍ ആദ്യം തന്നെ തയ്യാറാകും. അവര്‍ ഭീഷണിപ്പെടുത്തി പിന്നെയും പണം ആവശ്യപ്പെട്ടുകൊണ്ടിരിക്കും. ഭീഷണിപ്പെടുത്തി പണം  ആവശ്യപ്പെടുമ്പോഴെല്ലാം നല്‍കി ഒടുവില്‍ കുത്തുപാളയെടുക്കുമ്പോള്‍ ആത്മഹത്യയിലായിരിക്കും അഭയം തേടുക. ഒരിക്കല്‍ കുടുങ്ങിയാല്‍ പിന്നെ ഊരാന്‍ പറ്റാത്ത ഒരു കെണിയാണിത്. രതീഷിനെപ്പോലെയുള്ള ചിലര്‍ ചിലപ്പോള്‍ അല്‍പ്പം ധൈര്യത്തോടെ നേരിട്ടേക്കാം. എന്നാലും മറ്റാരുടെയോ കൈയ്യിലുള്ള തന്റെ ദൃശ്യങ്ങള്‍ എപ്പോഴെങ്കിലും പ്രചരിപ്പിക്കപ്പെടുമെന്ന ഭയത്തോടെയായിരിക്കും പിന്നീടുള്ള ജീവിതം.

യുവതി നേരിട്ട് മുന്നില്‍ വന്നല്ല തുണിയഴിക്കുന്നത് 

വീഡിയോ കോളില്‍ വരുന്ന യുവതി കോള്‍ എടുക്കുന്ന ആളുടെ മുന്നില്‍ വെച്ച് പഞ്ചാര വര്‍ത്തമാനങ്ങള്‍ പറഞ്ഞ് തുണിയഴിക്കുകയാണെന്നാണ് എല്ലാവരും കരുതുക. എന്നാല്‍ ഇത് എപ്പോഴോ എവിടെ വെച്ചോ റിക്കോര്‍ഡ് ചെയ്യപ്പെട്ട വീഡിയോ ആയിരിക്കും.  അതുപയോഗിച്ചാണ് ലൈവില്‍ എന്ന് പറഞ്ഞ് പറ്റിക്കുന്നത്. അതുമല്ലെങ്കില്‍ ഇന്ത്യയിലോ വിദേശ രാജ്യങ്ങളിലോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില ലൈവ് സെക്‌സ് വെബ് സൈറ്റുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയതാകാം. അത്തരത്തില്‍ നൂറ് കണക്കിന് ലൈവ് സെക്‌സ് വെബ്‌സൈറ്റുകളുണ്ട്. പക്ഷേ കാണുന്ന ആളുകള്‍ക്ക് തങ്ങളുടെ മുന്നില്‍ വന്ന് തങ്ങള്‍ളുടെ ഇഷ്ടപ്രകാരം യുവതികള്‍ തുണിയഴിക്കുന്നതായി തോന്നാം. അത് തന്നെയാണ് തട്ടിപ്പുകാരുടെ വിജയവും. അതിനനുസരിച്ച രീതിയിലാണ് തട്ടിപ്പുകാര്‍ വീഡിയോ് സെറ്റ് ചെയ്ത് വെയ്ക്കുക. മാത്രമല്ല, സന്ദര്‍ഭത്തിനും ചോദ്യങ്ങള്‍ക്കുമനുസരിച്ചുള്ള ഉത്തരങ്ങള്‍ ടെക്‌സ്റ്റ് സന്ദേശങ്ങളിലൂടെ ലൈവ് ആയി നല്‍കുകയും ചെയ്യും.

ഇരയെയും വിവസ്ത്രനാക്കാനുള്ള ബുദ്ധിപൂര്‍വ്വ നീക്കം

റിക്കാര്‍ഡ് ചെയ്യപ്പെടുന്ന വീഡിയോ കോളിലൂടെ എത്തുന്ന യുവതി ആദ്യം സ്വയം വിവസ്ത്രയാകുകയും പിന്നീട് അപ്പുറത്തുള്ള ആളെ വിവസ്ത്രനാക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യുക. അതിനനുസരിച്ചാണ് ഈ വീഡിയോ കോള്‍ സെറ്റ് ചെയ്യുക. ഇരയെക്കൊണ്ട് വിവസ്ത്രനായി സ്വയംഭോഗത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കാന്‍ ഈ തട്ടിപ്പുകാര്‍ക്ക് കഴിയും. ഇരയാക്കപ്പെടുന്ന പുരുഷന്റെ ഓരോ പ്രവൃത്തിയും അപ്പുറത്തിരിക്കുന്നവര്‍ വളരെ വ്യക്തതയോടെ തന്നെ ക്യാമറയില്‍ ഒപ്പിയെടുക്കുകയോ വീഡിയോ കോള്‍ റിക്കാര്‍ഡ് നടത്തുകയോ ചെയ്യും.. അപ്പറത്തുള്ളവള്‍ യഥാര്‍ത്ഥത്തില്‍ തന്റെ മുന്നില്‍ നിന്ന് തുണിയഴിക്കുകയാണെന്ന് കരുതി സെക്‌സിന്റെ ആവേശത്തില്‍ എന്ത് വൃത്തികേടും കാണിക്കാന്‍ തയ്യാറാകുന്നവരാണ് തട്ടിപ്പുകാരുടെ ഏറ്റവും വലിയ ഇര. അവരുടെ മാനത്തിന് വലിയ വില തന്നെ ഇവര്‍ ഈടാക്കും.

ഏതാനും സെക്കന്റുകള്‍ മതി കെണിയില്‍പെടാന്‍

ഇത്തരം തട്ടിപ്പുകളിലൊന്നും അങ്ങനെ ചെന്നുചാടാത്ത മാന്യന്‍മാരെപ്പോലും തന്ത്രപൂര്‍വ്വം കുടുക്കാന്‍ തട്ടിപ്പുകാര്‍ക്കറിയാം. വീഡിയോ കോള്‍ എടുത്താല്‍ തന്നെ  കുടുങ്ങിപ്പോകും. വീഡിയോ ഏതാനും സെക്കന്റുകള്‍ മാത്രം ഇരയാക്കപ്പെടുന്ന ആള്‍ കാണുമ്പോള്‍ തന്നെ  ദൃശ്യങ്ങള്‍ അവര്‍ വളരെ വേഗത്തില്‍ ഒപ്പിടെയുക്കും. അതിനൊപ്പം ചില മോര്‍ഫിംഗ് പരിപാടികള്‍ കൂടി നടത്തിയാല്‍ അതുമതിയാകും സമൂഹത്തിലെ മാന്യരെ അപമാനപ്പെടുത്താന്‍. മാത്രമല്ല ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ മോര്‍ഫിംഗ് വീഡിയോകള്‍ ഒറിജിലിനെ വെല്ലുന്ന രീതിയില്‍ സൃഷ്ടിക്കാനുമാകും.

ചെറിയ മീനുകളല്ല, വമ്പന്‍ സ്രാവുകള്‍ തന്നെ

വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്നവര്‍ ചെറിയ മീനുകളല്ല. വ്മ്പന്‍ സ്രാവുകള്‍ തന്നെയാണെന്നാണ് പോലിസ് പറയുന്നത്. കോടിക്കണക്കിന് രൂപയാണ് ഇവര്‍ ഇത്തരത്തില്‍ തട്ടിയെടുക്കുന്നത്. ഒരു വ്യക്തിയില്‍ നിന്ന് തന്നെ ഭീഷണിപ്പെടുത്തി എത്രത്തോളം ഊറ്റാന്‍ കഴിയുമോ അത്രത്തോളം ഊറ്റും. ലക്ഷക്കണക്കിന് രൂപ ഇങ്ങനെ തട്ടിയെടുക്കും. എന്നാല്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍ ഒരു ശതമാനം പോലും പരാതിയുമായി വരാറില്ലെന്നാണ് പോലീസ് പറയുന്നത്. പോലീസില്‍ പരാതി നല്‍കി അതിന്റെ അന്വേഷണം നടക്കുമ്പോള്‍ വീട്ടുകാരും നാട്ടുകാരും അറിയുമെന്ന ഭീതിയാണ് എല്ലാവര്‍ക്കും. എന്നാല്‍ ഈ ഭയം വേണ്ടെന്നും ഇത്തരത്തില്‍ കെണിയില്‍ പെട്ടുപോയാല്‍ ഉടന്‍ പോലീസില്‍ അറിയിക്കുകയാണ് ചെയ്യേണ്ടതെന്നുമാണ് പോലീസ് ഉദ്യോഗസഥര്‍ പറയുന്നത്. അങ്ങനെ ചെയ്താല്‍ പണം പോകുകയുമില്ല, ദൃശ്യങ്ങള്‍ പ്രചരിക്കുകയുമില്ല. ഏത് അക്കൗണ്ടിലേക്കാണോ പണം അയയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ആ അക്കൗണ്ടിന്റെ നമ്പര്‍ ഒരിക്കലും മായ്ച്ചു കളയരുത്. ആ അക്കൗണ്ട് നമ്പര്‍ വെച്ചു മാത്രമേ തട്ടിപ്പുകാരെ പിടികൂടാന്‍ പോലീസിന് കഴിയൂ.

പ്രൊഫസറും പൂജാരിയും മുതല്‍ സാധാരണക്കാരന്‍ വരെ

ബുദ്ധിയും വിദ്യാഭ്യാസവുമില്ലാത്ത, ആധുനിക സാങ്കേതിക വിദ്യയെക്കുറ്റിച്ച് ഒന്നുമറിയാത്തവരാണ് തട്ടിപ്പില്‍ കുടുങ്ങുന്നതെന്ന് ആരും കരുതരുത്. നല്ല കാശുള്ള പ്രൊഫഷണലുകള്‍ അടക്കമുള്ളവരെയാണ് ഇവര്‍ വീഴ്ത്തുന്നത്. സെക്‌സിന് മുന്നില്‍ ഏത് കൊലകൊമ്പനും, വീണുപോകുമെന്ന് തട്ടിപ്പുകാര്‍ക്ക് നന്നായറിയാം. ഡല്‍ഹി സര്‍വ്വകലാശാലയിലെ 35 കാരനായ ഒരു ഫ്രൊഫസറും, പ്രമുഖ പൂജാരിയും വരെ ഇത്തരത്തില്‍ തട്ടിപ്പില്‍ കുടുങ്ങിയിട്ടുണ്ട്. അപ്പോള്‍ പിന്നെ സാധാരണക്കാരുടെ കാര്യം പറയണോ. ഇവര്‍ രണ്ടു പേരും പരാതി നല്‍കിയതിനാല്‍ തട്ടിപ്പിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞു. 35 വയസ്സിന് മുകളിലുള്ള സെക്‌സ് സൈറ്റുകളിലും മറ്റും സ്ഥിരം സന്ദര്‍ശനം നടത്തുന്നവരെയാണ് തട്ടിപ്പുകാര്‍ പ്രധാനമായും നോട്ടമിടുന്നത്. ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കയറിയാണ്  ഇരയുടെ സ്വഭാവവും സാമ്പത്തിക സ്ഥിതിയുമെല്ലാം കണ്ടെത്തുന്നത്. മാത്രമല്ല സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത എല്ലാ വിവരങ്ങളും കൈവശപ്പെടുത്തുകയും ചെയ്യുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക്

മഹാരാഷ്ട്ര, രാജസ്ഥാല്‍, ഉത്തര്‍പ്രദേശ്, ദല്‍ഹി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഇത്തരം തട്ടിപ്പുകാരുടെ കേന്ദ്രം. അവിടെയിരുന്നാണ് ഇവര്‍ കേരളത്തില്‍ നിന്ന് ' മീന്‍ ' പിടിക്കുന്നത്. നാലോ അഞ്ചോ വര്‍ഷം മുന്‍പ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവര്‍ പ്രധാനമായും ഇരയെ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇത്തരം തട്ടിപ്പില്‍ കുടുങ്ങി അവിടെ പരാതിയുമായി പോലീസ് സ്‌റ്റേഷനുകളില്‍ എത്തുന്നവരുടെ എണ്ണം കൂടുകയും തട്ടിപ്പു സംഘങ്ങള്‍ പിടിയിലാകുകയും ചെയ്തതോടെയാണ് കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ഇവര്‍ വലവരിച്ചത്. തങ്ങളുടെ തിട്ടിപ്പിന് കേരളം ഏറ്റവും പറ്റിയ മണ്ണാണെന്ന് ഇവര്‍ ഇതിനകം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

രാത്രിയില്‍ സെക്‌സ് സൈറ്റുകളില്‍ അഭിരമിക്കുകയും പകല്‍ സദാചാരം പറഞ്ഞ് മാന്യന്‍മാരായി നടക്കുകയും ചെയ്യുന്ന മലായളികളുടെ എണ്ണം വളരെ കൂടുതലാണെന്ന് തട്ടിപ്പുകാര്‍ക്കറിയാം. മാത്രമല്ല ഇത്തരത്തില്‍ തട്ടിപ്പില്‍ പെട്ടെന്നറിഞ്ഞാല്‍ തന്നെ മാനം പോകുമെന്ന് കരുതുന്നവരാണ് മലയാളികള്‍ എന്നതിനാല്‍ പരാതി നല്‍കാന്‍ തയ്യാറാകുകയുമില്ല. എല്ലാം ഒതുക്കി തീര്‍ക്കാനാണ് നോക്കുക. അതുകൊണ്ട് തന്നെയാണ് ഇത്തരം തട്ടിപ്പുകാര്‍ക്ക് കേരളം ചാകരയാകുന്നതും.  ധാരാളം മലയാളികള്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും മാനം പോകുമെന്ന ഭയത്താല്‍ പരാതി നല്‍കുന്നവരുടെ എണ്ണം കുറവാണെന്ന് കേരള പോലിസിലെ സൈബര്‍ വിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിക്കുമെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും ധൈര്യമായി പരാതിപ്പെടാമെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്. തട്ടിപ്പുകള്‍ തടയുന്നതിന് ഒറ്റ മാര്‍ഗമേ ഉള്ളൂ. അജ്ഞാത വീഡിയോ കോളുകള്‍ എടുക്കാതിരിക്കുക.

Latest News