(തിരൂർ) മലപ്പുറം - പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. രോഗബാധിതയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
മൃതദേഹം മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത നിറമരുതൂർ ജനതാ ബസാറിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. ഖബറടക്കം ഇന്ന് വൈകിട്ട് നാലിന് കൂട്ടായി കോതപറമ്പ് റാത്തീബ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അഞ്ചാം വയസ്സിൽ പാടിത്തുടങ്ങിയ അസ്മ നിരവധി വേദികളിൽ പാടിയിട്ടുണ്ട്. ലൗ എഫ്.എം എന്ന ചിത്രത്തിൽ പിന്നണി ഗായികയായിരുന്നു. വിവിധ റിയാലിറ്റി ഷോകളിൽ ജഡ്ജായും പ്രവർത്തിച്ചു. ഗൾഫിലും നാട്ടിലും പാട്ടുമായി ആയിരക്കണക്കിന് സംഗീതാസ്വദകരിൽ ഇടം പിടിക്കാൻ ഇവർക്കായിരുന്നു.
ഗായകനും തബലിസ്റ്റുമായ ചാവക്കാട് ഖാദർ ഭായുടെയും ഗായിക ആമിന ബീവിയുടെയും മകളാണ്. തബലിസ്റ്റായ മുഹമ്മദലി എന്ന ബാവയാണ് ഭർത്താവ്. ഏറെക്കാലം ഭർത്താവിനൊപ്പം ഖത്തറിലായിരുന്നു. അവിടെയും പാട്ടുമായി സജീവമായിരുന്നു.