തിരുവനന്തപുരം - പുതുപ്പള്ളി എം.എൽ.എയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ചോദ്യോത്തര വേളക്ക് ശേഷം നിയമസഭാ ചേംബറിൽ സ്പീക്കർ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.
പ്രതിപക്ഷ നിരയുടെ പിൻഭാഗത്ത് തൃക്കാക്കര എം.എൽ.എ ഉമാ തോമസിന് സമീപമാണ് ചാണ്ടി ഉമ്മന്റെ നിയമസഭയിലെ ഇരിപ്പടം. സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ എത്തിയിരുന്നു. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും മകൾ മറിയവും ഗ്യാലറിയിൽ ഇരുന്ന് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളായി. രാവിലെ ആറ്റുകാൽ ക്ഷേത്രത്തിലും തിരുവനന്തപുരം ചർച്ചിലും പാളയം പള്ളിയിലും സന്ദർശനം നടത്തിയ ശേഷമാണ് ചാണ്ടി ഉമ്മൻ നിയമസഭയിലെത്തിയത്. പി.സി വിഷ്ണുനാഥ് എം.എൽ.എയ്‌ക്കൊപ്പമാണ് ചാണ്ടി ഉമ്മൻ സഭയിലെത്തിയത്. ഡെസ്‌കിലടിച്ചാണ് പ്രതിപക്ഷം ചാണ്ടി ഉമ്മനെ വരവേറ്റത്. സ്പീക്കറെയും പ്രതിപക്ഷ നേതാവിനേയും മുഖ്യമന്ത്രിയേയും അംഗങ്ങളെയും കൈകൂപ്പി അഭിസംബോധന ചെയ്തശേഷമായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്കുശേഷം അംഗത്വ രജിസ്റ്ററിൽ ഒപ്പുവെച്ചു. തുടർന്ന് സ്പീക്കറുടെ ഡയസിലെത്തി ഹസ്തദാനം ചെയ്തു. പിന്നീട് മുഖ്യമന്ത്രിയടക്കം മുൻനിരയിലുള്ള മന്ത്രിമാരുടെയും പ്രതിപക്ഷ എം.എൽ.എമാരുടെയും അടുത്ത് ചെന്ന് ഹസ്തദാനം നടത്തി. മുഖ്യമന്ത്രി ഇരുകൈകളും പിടിച്ച് പ്രത്യഭിവാദ്യം ചെയ്തു. പ്രതിപക്ഷ നേതാവ് തോളിൽ തട്ടിയാണ് ചാണ്ടി ഉമ്മനെ ആശീർവദിച്ചത്.