Sorry, you need to enable JavaScript to visit this website.

'വിഴുപ്പലക്കലിനില്ല; മാനസിക സംഘർഷമുണ്ടായി എന്നത് സത്യം'; മനസ്സ് തുറന്ന് ചെന്നിത്തല

തിരുവനന്തപുരം - എ.ഐ.സി.സി പ്രവർത്തകസമിതി പ്രഖ്യാപനത്തിലെ അതൃപ്തിയിൽ മനസ്സ് തുറന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതീക്ഷിച്ചത് ലഭിക്കാത്തതിൽ തനിക്ക് മാനസിക പ്രയാസമുണ്ടായെങ്കിലും വിഴുപ്പലക്കലിന് ഇല്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 കേരളത്തിൽനിന്ന് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം നൂറുശതമാനം യോഗ്യരാണ്. തന്നെ സ്ഥിരം സമിതി ക്ഷണിതാവായി ഉൾപ്പെടുത്തിയതിന് നേതൃത്വത്തോട് നന്ദിയുണ്ട്. ഒരു പദവിയും ഇല്ലെങ്കിലും താൻ പ്രവർത്തനങ്ങളിൽ സജീവമായി തുടരും.  
  പാർട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. പ്രവർത്തക സമിതി പ്രഖ്യാപിച്ചപ്പോൾ ചില പൊരുത്തക്കേടുകൾ തോന്നി. അതിൽ മാനസിക സംഘർഷവുമുണ്ടായി. എങ്കിലും പറയാനുള്ളത് പാർട്ടി നേതൃത്വത്തെ അറിയിച്ച് അച്ചടക്കമുള്ള പ്രവർത്തകനായി തന്നെ മുന്നോട്ടു പോകും.  രണ്ടു പതിറ്റാണ്ട് മുമ്പ് ലഭിച്ച അതേ പദവിയിൽ വീണ്ടും നിയമിച്ചപ്പോൾ അസ്വാഭാവിക തോന്നി. പാർട്ടി മുമ്പ് ഒരുപാട് ഉത്തരവാദിത്തങ്ങളും പദവികളും നൽകിയിട്ടുണ്ട്. പക്ഷേ, കഴിഞ്ഞ രണ്ടുവർഷമായി ഒരു പദവിയിലുമില്ല. എന്നിട്ടും സംസ്ഥാനത്തെ ഇടത് സർക്കാരിനെതിരായ പോരാട്ടത്തിന് മുമ്പിലുണ്ട്. ഒരു പദവിയും ഇല്ലെങ്കിലും അത് തുടരും. പ്രവർത്തക സമിതിയുമായി ബന്ധപ്പെട്ട് പറയാനുള്ളത് ഹൈക്കമാൻഡിനെ അറിയിക്കും. പുറത്തുപറഞ്ഞ് പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല. പാർട്ടിക്കുള്ളിൽ പറയും. 
 പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടപ്പെട്ടതിലായിരുന്നില്ല, അത് കൈകാര്യം ചെയ്ത രീതിയിലായിരുന്നു പ്രശ്‌നം. അതിൽ ആരോടും പരാതിയോ പരിഭവമോ പറഞ്ഞിട്ടുമില്ല. ഇതിന്റെ പിന്നാലെയാണ് പ്രവർത്തകസമിതി തെരഞ്ഞെടുപ്പിലും അവഗണനയുണ്ടായത്. കാര്യങ്ങൾ മറച്ചുവയ്ക്കുന്നില്ല. വിഷമം ഉണ്ടായി എന്നത് സത്യമാണ്. പ്രതീക്ഷിക്കാത്ത ഒരു കാര്യം കേൾക്കുമ്പോൾ വികാരവിക്ഷോഭം ഉണ്ടായി. പറയാനുള്ളത് ഹൈക്കമാൻഡിനെ അറിയിക്കാനാണ് തീരുമാനം. ദേശീയതലത്തിൽ തന്നെക്കാൾ ജൂനിയറായ പലരും പ്രവർത്തകസമിതിയിൽ എത്തിയപ്പോഴും 19 വർഷം മുമ്പ് തനിക്കുണ്ടായിരുന്ന പ്രത്യേക പദവിയിൽ വീണ്ടും വന്നതിൽ അസ്വാഭാവികതയും വിഷമവും തോന്നി. ആർക്കും ഉണ്ടായേക്കാവുന്ന വികാരക്ഷോഭങ്ങളാണത്. വ്യക്തിപരമായ ഉയർച്ച താഴ്ചകൾക്കല്ല പ്രസക്തിയെന്നും ലോകസഭാ തെരഞ്ഞെടുപ്പാണ് ഇപ്പോൾ ഏറ്റവും പ്രധാനമെന്നും ചെന്നിത്തല പറഞ്ഞു. 

Latest News