കോഴിക്കോട് - മദ്യലഹരിയിൽ കോഴിക്കോട്ട് അത്തോളി സ്വദേശിനിയായ യുവതിയെ മർദ്ദിച്ച കേസിൽ നടക്കാവ് എസ്.ഐഐ സസ്‌പെൻഡ് ചെയ്തു. നടക്കാവ് എസ്.ഐ വിനോദ് കുമാറിനെയാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്തത്.
യുവതിയോട് എസ്.ഐ മോശമായി പെരുമാറിയെന്നാണ് കോഴിക്കോട് റൂറൽ എസ്.പിയുടെ റിപോർട്ടിലുള്ളത്. യുവതിയുടെ പരാതിയിൽ വിനോദ് കുമാറിനെതിരെ കാക്കൂർ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് പോലീസ് നടപടി. യുവതിയുടെ പരാതിയിൽ വസ്തുതയുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുകയും ആയുധമുപയോഗിച്ച് മർദ്ദിക്കുകയും ചെയ്തത് പോലീസ് സേനയ്ക്ക് നാണക്കേടാണെന്നും റിപോർട്ടിലുള്ളതായാണ് വിവരം.
ശനിയാഴ്ച അർധരാത്രി 12.30ഓടെ കൊളത്തൂരിൽ വച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പരാതിക്കാരിയായ യുവതി സഞ്ചരിച്ച കാറും എതിർദിശയിൽവന്ന വാഹനത്തിലുള്ളവരും സൈഡ് നൽകാത്തതിനെച്ചൊല്ലി തർക്കമുണ്ടാവുകയായിരുന്നു. ഈ തർക്കത്തെ തുടർന്ന് എതിർദിശയിൽ വന്ന കാറിലുളളവർ പോലീസിനെ വിളിക്കുകയും സ്ഥലത്തെത്തിയ എസ്.ഐ വിനോദും ഒപ്പമുണ്ടായിരുന്ന യുവാവും യുവതിയെയും കുടുംബത്തെയും മർദ്ദിക്കുകയുമായിരുന്നു. ജനനേന്ദ്രിയത്തിന് ഉൾപ്പെടെ ഗുരുതര പരുക്കേറ്റ യുവതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എസ്.ഐ അടിവയറ്റിൽ ചവിട്ടുകയും മാറിടത്തിൽ കയറിപ്പിടിക്കുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു.