- ഉമ്മൻചാണ്ടിയുടെ പിൻഗാമി ചാണ്ടി ഉമ്മനെന്ന് എ.കെ ആന്റണി
തിരുവനന്തപുരം - പുതുപ്പള്ളിയിലെ ചരിത്രവിജയവുമായി നാളെ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്ന പുതുപ്പള്ളിയുടെ പുതുനായകൻ ചാണ്ടി ഉമ്മൻ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിച്ചു.
ഞായറാഴ്ച രാത്രി വഴുതക്കാട്ടെ വസതിയിലെത്തിയ ചാണ്ടി ഉമ്മനെ ആന്റണിയും കുടുംബവും ചേർന്ന് സ്വീകരിച്ചു. തന്റെ കൂടെ നിയമസഭയിൽ വന്ന ഉമ്മൻചാണ്ടി ഇന്നില്ല. ഉമ്മൻചാണ്ടിയുടെ പിൻഗാമി ചാണ്ടി ഉമ്മനാണെന്നും അദ്ദേഹത്തെ സാക്ഷിയാക്കി എ.കെ ആന്റണി മാധ്യമങ്ങളോടായി പറഞ്ഞു. പുതുപ്പള്ളിയിൽ എല്ലാ വിഭാഗം ജനങ്ങളും ഉമ്മൻചാണ്ടിയുടെ മകന് വോട്ട് ചെയ്തതായും ആന്റണി പറഞ്ഞു.
തന്റെ അപ്പന് നൽകിയ പിന്തുണ എ.കെ ആന്റണി തനിക്കും തന്നുവെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പിന്തുണ ഒരിക്കലും മറക്കാനാകില്ലെന്നും സത്യപ്രതിജ്ഞക്ക് മുമ്പ് അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
തിങ്കളാഴ്ച രാവിലെ പത്തിനാണ് ചാണ്ടി ഉമ്മൻ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 37-കാരനായ ചാണ്ടി ഉമ്മൻ കന്നിയങ്കത്തിൽതന്നെ സഭയിലെത്തിയത്.