അൽബാഹ- സൗദിയുടെ തെക്കു പടിഞ്ഞാറൻ നഗരമായ അൽബാഹക്കു സമീപം അൽമഅ്മലയിൽ 150 ലേറെ പുരാവസ്തുക്കൾ കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു. പുരാതന കാലത്ത് ഉപയോഗിച്ചിരുന്ന വിവിധ തരം കളിമൺ പാത്രങ്ങളും ലോഹ പാത്രങ്ങളും പുരാവസ്തു ഖനനത്തിനിടെ കണ്ടെടുത്തിട്ടുണ്ട്. ഗ്രാനൈറ്റ് കൊണ്ട് നിർമിച്ച ചുമരുകളുടെ അവശിഷ്ടങ്ങൾക്കു പുറമെ എട്ട് മുറികളും നാലു അറകളും മൂന്ന് വെള്ള ടാങ്കുകളും മുന്ന് തന്തൂരി അടുപ്പുകളും അഞ്ചു തൂണുകളും ഖനനത്തിനിടെ കണ്ടെടുത്തിട്ടുണ്ട്. 61 സാധാരണ കളിമൺ പാത്രങ്ങളും പിടികളും മൂടികളും കിണ്ടികളും കണ്ടെടുത്തവയിലുണ്ട്. കല്ല് കൊണ്ടു നിർമിച്ച 25 ലേറെ പാത്രങ്ങളും കണ്ടെടുത്തവയിലുണ്ട്.
വ്യത്യസ്ത നിറങ്ങളിലുള്ള 20 ഗ്ലാസ് പാത്രങ്ങളും കണ്ടെത്തി. ചെറുതും വലുതുമായ 15 കല്ലുരലുകളും 10 പുരാതന നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. കല്ല് കൊണ്ട് നിർമിച്ച ഫാനൂസ് ഫ്രൈം, കളിമണ്ണ് കൊണ്ടു നിർമിച്ച ഭരണിയുടെ മുകൾഭാഗം തുടങ്ങിയവ കണ്ടെത്തിയതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.
അൽബാഹയിലെ മഅ്മല സൗദിയിലെ പ്രധാന പുരാവസ്തു പര്യവക്ഷേണ കേന്ദ്രങ്ങളിലൊന്നാണ്. എട്ട് റൂമുകളും അനുബന്ധ സൗകര്യങ്ങളുമുള്ള പാർപ്പിട കേന്ദ്രമാണ് മഅ്മലയയിലെ ഏറ്റവും വലിയ ആകർഷണം.