ദുബായ്- വ്യാഴാഴ്ച ദുബായില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട രണ്ടാമത്തെ പൈലറ്റും മരിച്ചതായി സ്ഥിരീകരിച്ചു. തീവ്രമായ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം, രണ്ട് പൈലറ്റുമാരുടെയും മരണം സ്ഥിരീകരിച്ച് കമ്പനി ഇന്ന് പ്രസ്താവന ഇറക്കി.
ഹെലികോപ്റ്ററില്‍ രണ്ട് ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നത്. ഖേദകരമെന്നു പറയട്ടെ, രണ്ട് ജീവനക്കാരും മരിച്ചുവെന്ന് ഞങ്ങള്‍ക്ക് സ്ഥിരീകരിക്കാന്‍ കഴിയും,' കമ്പനി പറഞ്ഞു.
എയ്‌റോഗള്‍ഫിന്റെ പ്രസ്താവന പ്രകാരം, അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനും ഒരു ഓഫ്‌ഷോര്‍ റിഗിനുമിടയില്‍ പതിവ് പരിശീലന പറക്കല്‍ നടത്തുകയായിരുന്ന ഹെലികോപ്റ്റര്‍ സെപ്റ്റംബര്‍ 7 ന് രാത്രി 8.07 ന് യുഎഇ തീരത്ത് കടലില്‍ തകര്‍ന്നു.
വെള്ളിയാഴ്ച യുഎഇ ജനറല്‍ ഏവിയേഷന്‍ അതോറിറ്റി ആദ്യ പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചെങ്കിലും രണ്ടാമത്തെ ക്രൂ അംഗത്തിനായി തിരച്ചില്‍ തുടര്‍ന്നു. പൈലറ്റുമാരില്‍ ഒരാള്‍ ഈജിപ്തുകാരനും മറ്റേയാള്‍ ദക്ഷിണാഫ്രിക്കക്കാരനുമാണെന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ പറഞ്ഞു.