Sorry, you need to enable JavaScript to visit this website.

ജോലി വാഗ്ദാനം ചെയ്ത് മൊബൈലും ലാപ്‌ടോപ്പും തട്ടി; പിന്നാലെ പിടിയിലുമായി

കൊച്ചി- ഷിപ്പിംഗ് കമ്പനിയില്‍ വര്‍ക്ക് അറ്റ് ഹോം ജോലി തരപ്പെടുത്തിത്തരാം എന്നുപറഞ്ഞു ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കൈവശപ്പെടുത്തിയയാള്‍ പിടിയില്‍. കൊല്ലം കൊട്ടാരക്കരയിലെ ചക്കവറക്കല്‍ പ്രീമിയര്‍ കാഷ്യു ഫാക്ടറിക്കു സമീപം നെടിയാകാല വീട്ടില്‍ അജി തോമസ് (44) ആണ് മുളവുകാട് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം വല്ലാര്‍പാടം പള്ളിക്കു സമീപമാണ് സംഭവം. മരോട്ടിച്ചുവട് സ്വദേശിയായ യുവാവിനെ അങ്കിളിന്റെ പരിചയക്കാരന്‍ ആണെന്നും പറഞ്ഞു ഫോണ്‍ ചെയ്യുകയും വില്ലിങ്ട്ടന്‍ ഐലാന്‍ഡിലെ കമ്പനിയില്‍ കോണ്‍ട്രാക്ട് എടുത്തിട്ടുണ്ടെന്നും അവിടേക്ക് വര്‍ക്ക് അറ്റ് ഹോം രീതിയില്‍ ഡാറ്റാ എന്‍ട്രി ജോലിക്ക് ഒഴിവുണ്ടെന്നും പറയുകയായിരുന്നു. പ്രതിമാസം 30000 രൂപയാണ് ശമ്പളം പറഞ്ഞിരുന്നത്. 

തുടര്‍ന്ന് യുവാവിനോട് വല്ലാര്‍പാടം പള്ളിക്കടുത്തു ലാപ്‌ടോപുമായി വരാന്‍ പറയുകയായിരുന്നു. വല്ലാര്‍പാടം പള്ളിയിലെത്തിയ യുവാവിന്റെ ലാപ്‌ടോപ്പും മെബൈല്‍ ഫോണും കമ്പനിയില്‍ കൊണ്ടുപോയി സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ട് അരമണിക്കൂറിനുള്ളില്‍ വരാം എന്ന് വിശ്വസിപ്പിച്ചു തന്റെ ഫോണ്‍ നമ്പറും കൊടുത്ത് ഇയാള്‍ മുങ്ങുകയായിരുന്നു. കുറേ സമയം കഴിഞ്ഞിട്ടും കാണാതായ അജിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കമ്പനിയില്‍ ആണെന്നും ഇന്‍സ്റ്റാളിങ് നടക്കുകയാണെന്നും പറഞ്ഞെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യുകയായിരുന്നു. 

താന്‍ വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ യുവാവ് മുളവുകാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു തുടര്‍ന്ന് മൊബൈല്‍ കേന്ദ്രീകരിച്ചും ജില്ലയുടെ മറ്റു സ്റ്റേഷനിലേക്ക് അറിയിപ്പ് കൊടുത്തും നടത്തിയ അന്വേഷണത്തിനൊടുവില്‍ അങ്കമാലിയില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതിയുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണും വില്പന നടത്തിയ ലാപ്‌ടോപ് കലൂരിലെ ഒരു സ്ഥാപനത്തില്‍ നിന്നും പോലീസ് കണ്ടെടുത്തു. 

എറണാകുളം സെന്‍ട്രല്‍, എളമക്കര, കാലടി സ്റ്റേഷനുകളില്‍ അജി തോമസിന് എതിരെ വഞ്ചന കുറ്റത്തിന് കേസുകള്‍ ഉണ്ട്. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്.  ശശിധരന്റെ നിര്‍ദ്ദേശപ്രകാരം മുളവുകാട് എസ്. എച്ച്. ഒ മഞ്ജിത് ലാലിന്റെ നേതൃത്വത്തില്‍ എസ്. ഐ സുനേഖ് എന്‍. ജെ, എ. എസ്. ഐ ശ്യാംകുമാര്‍, പോലീസുകാരായ അലോഷ്യസ്, അമൃതേഷ്, തോമസ് ജോര്‍ജ്, സിബില്‍ ഭാസി, അരുണ്‍ ജോഷി, തോമസ് പോള്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നത്.
കോടതിയില്‍ ഹാജരാക്കിയ അജി തോമസിനെ റിമാന്‍ഡ് ചെയ്തു.

Latest News