മക്ക- മക്കയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴക്കു സാധ്യതയെന്ന് സൗദി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക പ്രവിശ്യക്കു കീഴിലെ തായിഫ്, അദം, മൈസാന്‍, അര്‍ദിയ്യാത്ത്, ജുമൂം, അല്‍ കാമില്‍, തുടങ്ങിയ ഗവര്‍ണറേറ്റുകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മിക്ക പ്രദേശങ്ങളിലും പൊടിക്കാറ്റിന്റെ
അകമ്പടിയോടെ താരതമ്യേന ശക്തമായതോ അതി ശക്തമായതോ ആയ മഴ പെയ്‌തേക്കാം. ഖുന്‍ഫുദ, അല്‍ലീത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുണ്ട്. കാഴ്ചക്കുറവുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മഴ സമയങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകളിലും ഉല്ലാസയാത്ര നടത്തരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചെങ്കടല്‍ തീരങ്ങളില്‍ തിരമാലകള്‍ പതിവിലധികം ഉയരുന്നതിനും സാധ്യതയുണ്ട്. മക്കയില്‍ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഞായറായ്ച സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. പഠനം ഓണ്‍ ലൈനിലക്കു മാറ്റിയതായി മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് രാത്രി വൈകി അധ്യാപകരെയും രക്ഷിതാക്കളെയും അറിയിക്കുകയായിരുന്നു. മുന്നൊരുക്കം നടത്തിയിരുന്നുവെങ്കിലും ഞായറാഴ്ച രാത്രി വരെയും മക്കയില്‍ മഴയുണ്ടായതുമില്ല.
മറ്റൊരറിയിപ്പില്‍ അടുത്ത 24 മണിക്കൂറില്‍ സൗദിയുടെ വിവിധ പ്രവിശ്യകളില്‍ മഴയുണ്ടായേക്കാമെന്ന്് സൗദി കാലാവസ്ഥ നിരീക്ഷണം അറിയിച്ചു. ജിസാന്‍, അസീര്‍, അല്‍ബാഹ തുടങ്ങിയ പ്രവിശ്യകളിലും മദീനയിലും മഴയുണ്ടായേക്കാം. പലയിടത്തും മഴ വര്‍ഷിക്കുന്നുണ്ടെങ്കിലും സൗദിയിലെ മിക്ക പ്രദേശങ്ങളിലും ചൂടിനു ശമനമായിട്ടുമില്ല. അല്‍ ഹസയിലും വടക്കന്‍ അതിര്‍ത്തി നഗരമായ റഫഹിലും ഞായറാഴ്ച 46 ഡിഗ്രി വരെ താപനില രേഖപ്പെടുത്തി.. അബഹയിലെ അല്‍ സൂദ പര്‍വ്വത ശിഖിരത്തില്‍ 12 ഡിഗ്രിയാണ് താപനില. 90 ശതമാനം രേഖപ്പെടുത്തിയ യാമ്പു, അല്‍ബാഹ, തായിഫ് എന്നിവടങ്ങളിലാണ് രാജ്യത്ത് ഏറ്റവുമധികം ഹ്യുമുഡിറ്റി അനുഭവപ്പെട്ടത്.