തിരുവനന്തപുരം - എ.ഐ.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തിയിൽ പരസ്യ പ്രതികരണത്തിന് തയ്യാറെടുത്ത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാർട്ടിയിൽ സീനിയോറിറ്റി പരിഗണിച്ചുള്ള പദവി പ്രതീക്ഷിച്ചെങ്കിലും പ്രവർത്തകസമിതിയിൽ 15 വർഷം മുമ്പേയുള്ള സ്ഥിരം ക്ഷണിതാവെന്ന പഴയ സീറ്റിൽ തന്നെ കുടിയിരുത്തിയതിൽ കടുത്ത അതൃപ്തിയിലാണ് ചെന്നിത്തല.
പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറിയശേഷം രണ്ടുവർഷമായി പാർട്ടിയിൽ ഒരു പദവിയിലുമില്ലെങ്കിലും മാന്യമായ ഒരു പരിഗണന പ്രതീക്ഷിച്ചു. അതുണ്ടായില്ലെന്ന കടുത്ത നീരസമാണ് അദ്ദേഹത്തിനുള്ളത്. എന്നാൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പരസ്യ പ്രതിഷേധം ഒഴിവാക്കുകയായിരുന്നു.
പാർട്ടി പുനസംഘടനയിൽ ഇപ്പോൾ ഒന്നും പറയാനില്ലെന്നും പുതുപ്പള്ളി തെരഞ്ഞെടുപ്പിനുശേഷം പ്രതികരിക്കാമെന്നുമായിരുന്നു അന്നദ്ദേഹം സ്വീകരിച്ച നിലപാട്. ഇതിന്റെ പശ്ചാത്തലത്തിൽ നാളെ രാവിലെ തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിൽ ചെന്നിത്തല വാർത്താസമ്മേളനം വിളിച്ചതായാണ് വിവരം. സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന സി.ബി.ഐ റിപോർട്ടിന്റെ പശ്ചാത്തലത്തിൽ അതേക്കുറിച്ചടക്കം അദ്ദേഹം പ്രതികരിക്കുമെന്നാണ് കരുതുന്നത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിക്കെതിരെ കടുത്ത വെല്ലുവിളി ഉയർത്തി രൂക്ഷമായൊരു പ്രതികരണത്തിന് ചെന്നിത്തല തയ്യാറാവില്ലെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. എ.ഐ.സി.സി ജനറൽസെക്രട്ടറിയാക്കി ഏതെങ്കിലും സംസ്ഥാനങ്ങളുടെ ചുമതല നൽകാൻ ദേശീയ നേതൃത്വത്തിന് താൽപര്യമുണ്ടെങ്കിലും പ്രതിഷേധത്തിന്റെ ഫലമെന്നോണം അത്തരമൊരു തീരുമാനം പെട്ടെന്ന് വേണ്ടെന്നാണ് ചെന്നിത്തലയുടെ അഭിപ്രായമെന്നും വിവരമുണ്ട്. എന്തായാലും പാർട്ടി നേതൃത്വത്തോടുള്ള തന്റെ പ്രതിഷേധം ഏതളവിൽ എത്രവരെയെന്ന് നാളത്തെ വാർത്താസമ്മേളനത്തോടെ വ്യക്തമായേക്കും.