മൂന്ന് കൗൺസിലർമാർ രാജിക്കൊരുങ്ങുന്നു
കൽപറ്റ- മുനിസിപ്പൽ കൗൺസിലിലെ കോൺഗ്രസ് അംഗങ്ങളിൽ മൂന്നു പേർ പാർട്ടി വിടാനുള്ള ഒരുക്കത്തിൽ. കൗൺസിലിൽ മടിയൂർ ഡിവിഷനെ പ്രതിനിധാനം ചെയ്യുന്ന പി. വിനോദ്കുമാർ, പെരുന്തട്ട ഡിവിഷനിൽനിന്നുള്ള പി.കെ. സുഭാഷ്, വെള്ളാരംകുന്ന് ഡിവിഷനിൽനിന്നുള്ള രാജാറാണി എന്നിവരാണ് കോൺഗ്രസിൽനിന്നു രാജിവെക്കാനുള്ള നീക്കത്തിൽ. യു.ഡി.എഫ് ധാരണയ്ക്കു വിരുദ്ധമായി മുസ്‌ലിം ലീഗിലെ കെയെംതൊടി മുജീബ് മുനിസിപ്പൽ ചെയർമാൻ പദവിയിൽ തുടരുന്നതിൽ പ്രതിഷേധിച്ചാണ് ഇവരുടെ രാജി നീക്കമെന്നാണ് അറിയുന്നത്. മുജീബ് പദവി ഒഴിയുന്ന മുറയ്ക്ക് ചെയർമാനാകാൻ പി. വിനോദ്കുമാർ നീക്കം നടത്തിയിരുന്നു. കോൺഗ്രസ് നേതൃത്വം ഇതിനു പച്ചക്കൊടി കാട്ടിയിയിരുന്നില്ല.
28 ഡിവിഷനുകളാണ് നഗരസഭയിൽ. യു.ഡി.എഫിനു 15 ഉം എൽ.ഡി.എഫിനു 13ഉം കൗൺസിലർമാരുണ്ട്. യു.ഡി.എഫിൽ മുസ്‌ലിം ലീഗിനു ഒമ്പതും കോൺഗ്രസിനു ആറും അംഗങ്ങളാണ് ഉള്ളത്. കോൺഗ്രസ് അംഗങ്ങളിൽ മൂന്നു പേർ വനിതകളാണ്.
വിനോദ്കുമാർ, സുഭാഷ്, രാജാറാണി എന്നിവർ കോൺഗ്രസ് വിട്ടാൽ മുനിസിപ്പൽ ഭരണം യു.ഡി.എഫിനു നഷ്ടമാകും. ചെയർമാൻ വിഷയത്തിൽ കോൺഗ്രസ് കൗൺസിലർമാർക്കിടയിലുള്ള ഭിന്നത മുതലെടുക്കാൻ എൽ.ഡി.എഫ് കരുക്കൾ നീക്കുന്നുണ്ട്. വിനോദ്കുമാറും മറ്റുമായി എൽ.ഡി.എഫ് പ്രാദേശിക നേതാക്കൾ രണ്ടുവട്ടം ചർച്ച നടത്തിയതാണ് വിവരം.
യു.ഡി.എഫ് ധാരണയനുസരിച്ച് കെയെംതൊടി മുജീബ് ജൂൺ 30ന് മുമ്പ് ചെയർമാൻ സ്ഥാനം രാജിവെക്കേണ്ടതായിരുന്നു. എന്നാൽ അടുത്ത ചെയർമാൻ ആരാകണമെന്നതിൽ കോൺഗ്രസിൽ സമവായം ഉണ്ടാകാത്ത സഹചര്യത്തിൽ അദ്ദേഹം പദവിയിൽ തുടരുകയാണ്. ചെയർമാൻ, വൈസ് ചെയർമാൻ പദവികൾ രണ്ടര വർഷം വീതം പങ്കിടാനായിരുന്നു യു.ഡി.എഫ് ധാരണ. കോൺഗ്രസിലെ കെ. അജിതയാണ് മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ. കോൺഗ്രസ് ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റായ വിനോദ്കുമാറിനു പുറമേ കെ.പി.സി.സി സെക്രട്ടറിയും എമിലി ഡിവിഷനിൽനിന്നുള്ള കൗൺസിലറുമായ അഡ്വ. ടി.ജെ. ഐസക്കും രംഗത്തുവന്നതാണ് ചെയർമാൻ നിർണയം കോൺഗ്രസിനു കീറാമുട്ടിയാക്കിയത്. പാർട്ടി മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളിൽ പലകുറി ചർച്ച നടന്നെങ്കിലും ചെയർമാൻ വിഷയത്തിൽ തീരുമാനത്തിലെത്താനായില്ല. ചെയർമാൻ പദവിയിൽ ഭരണത്തിന്റെ അവസാന ഒരു വർഷം നൽകാമെന്ന പാർട്ടി നേതാക്കളിൽ ചിലരുടെ വാഗ്ദാനം വിനോദ്കുമാറിന് സ്വീകാര്യമായില്ല. ആദ്യ ഊഴം ലഭിക്കണമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസ് മണ്ഡലം, ബ്ലോക്ക് കമ്മിറ്റികൾ ചെയർമാൻ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഡി.സി.സി അധ്യക്ഷനെ ചുമതലപ്പെടുത്തുകയാണുണ്ടായത്. ആഴ്ചകൾ കഴിഞ്ഞിട്ടും അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചില്ല.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് മുനിസിപ്പൽ ചെയർമാൻ വിഷയത്തിൽ ഡി.സി.സി പ്രസിഡന്റ് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം പ്രഖ്യാപിക്കുന്നില്ലെങ്കിൽ പാർട്ടി വിടാനാണ് വിനോദ്കുമാർ, സുഭാഷ്, രാജാറാണി എന്നിവയുടെ പദ്ധതിയെന്ന് അവരുമായി ഉറ്റ സൗഹൃദത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ പറയുന്നു. കോൺഗ്രസിലെ ഐ ഗ്രൂപ്പിൽ രണ്ട് ചേരികളിലാണ് ഐസക്കും വിനോദ്കുമാറും. കെ.സി. വേണുഗോപാൽ ചേരിയിലാണ് ഐസക്. ചെന്നിത്തല വിഭാഗത്തിലാണ് വിനോദ്കുമാർ. ഐ ഗ്രുപ്പിലെ ഉപ വിഭാഗങ്ങളും മുനിസിപ്പൽ ചെയർമാൻ വിഷയത്തിൽ ചേരിതിരിഞ്ഞാണ് നിലയുറപ്പിച്ചിരിക്കുന്നത്. നഗരസഭയിൽ സമീപകാലത്ത് യു.ഡി.എഫിനു ഭരണം ലഭിച്ചപ്പോഴെല്ലാം ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ളവരാണ് ചെയർമാനായത്. എന്നിരിക്കെ ഇക്കുറി ഭൂരിപക്ഷ വിഭാഗത്തിൽനിന്നുള്ള കൗൺസിലർക്ക് ചെയർമാൻ പദവി നൽകണമെന്ന വാദം പാർട്ടിക്കുള്ളിൽ ചിലർ ഉയർത്തുന്നുണ്ട്. ഭൂരിപക്ഷ വിഭാഗത്തിൽനിന്നുള്ള പ്രതിനിധിയാണ് വിനോദ്കുമാർ.