പയ്യന്നൂര്‍- മാതമംഗലം കുറ്റൂരിലെ പത്തു വയസ്സുകാരനെ അമ്മ മാരകമായി പൊള്ളിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പെരിങ്ങോം പോലീസ് കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞു.
മാതമംഗലം സി.പി.നാരായണന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് അമ്മയുടെ ക്രൂര പീഡനത്തിനിരയായത്. വീട്ടില്‍നിന്നും അമ്പതു രൂപ എടുത്തതിന്റെ പേരില്‍ ചട്ടുകം പൊള്ളിച്ചു ദേഹത്തു വെക്കുകയായിരുന്നു. അമ്മ നേരത്തെയും പല തവണ മര്‍ദിച്ചിട്ടുണ്ടെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. പൈസ ചോദിച്ചാല്‍ അടിക്കാറാണ് പതിവ്. അതാണ് പൈസ ചോദിക്കാതെ എടുത്തതെന്ന് കുട്ടി പറഞ്ഞു.
കുട്ടിയുടെ കൈയിലും കാലിലും പുറത്തുമാണ് പൊള്ളലേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പിതാവ് നഷ്ടപ്പെട്ട കുട്ടി അമ്മക്കൊപ്പമാണ് താമസം. വിവരമറിഞ്ഞ് കുട്ടിയുടെ അമ്മൂമ്മ കുട്ടിയെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയും പൊള്ളലിനു നാടന്‍ ചികിത്സ ചെയ്യുകയും ചെയ്തിരുന്നു. ഈ വിവരം അയല്‍വാസികള്‍ അറിയുകയും നാട്ടുകാര്‍ പോലീസിലും ചൈല്‍ഡ് ലൈനിലും വിവരം അറിയിക്കുകയുമായിരുന്നു.