തിരുവനന്തപുരം- മുൻ മന്ത്രി കെ.ബി ഗണേഷ് കുമാർ തന്നെ ആറുമാസം തടവിൽ പാർപ്പിച്ചതായി സോളാർ കേസിലെ പ്രതി സരിത എസ് നായർ. താൻ ഗണേഷ് കുമാറിനെ പോലെ അവസരവാദിയല്ലെന്നും സരിത പറഞ്ഞു. 2014 ഫെബ്രുവരി 21ന് ശേഷം എന്നെ ജയിലിൽ നിന്ന് നേരിട്ട് ഗണേഷ് കുമാറിന്റെ കൊട്ടാരക്കരയിലെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോവുകയും, അവിടെ ആറ് മാസത്തോളം എന്നെ തടവിൽ വെക്കുകയും ചെയ്തത് എന്തിനെന്ന് ഗണേഷ് കുമാർ പറയട്ടെ. അതിന്റെ പിന്നാമ്പുറ കഥകൾ വെളിയിൽ വന്നാൽ അവർക്ക് തന്നെയായിരിക്കും ചീത്തപ്പേരുണ്ടാകുന്നത്. ഗണേഷ് കുമാറിന്റെ പിതാവ് ബാലകൃഷ്ണപിള്ള ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾ മൊഴിമാറ്റാൻ സമ്മർദ്ദം ചെലുത്തി. തനിക്ക് നീതി ലഭിച്ചില്ലെന്നും സൈബർ ഇടങ്ങളിൽ ഇപ്പോഴും വേട്ടയാടപ്പെടുകയാണെന്നും സരിത ആരോപിച്ചു.
സോളാർ കേസിൽ രാഷ്ട്രീയം കലർത്തിയത് കോൺഗ്രസ് നേതാക്കളാണ്. ഗ്രൂപ്പ് സമവായത്തിനും അധികാര വടംവലിക്കും വേണ്ടി തന്നെ കരുവാക്കുകയായിരുന്നു. 2013ൽ ജയിലിൽ പോകുമ്പോൾ മാധ്യമങ്ങളോട് സംസാരിച്ചിരുന്നില്ല. ആ സമയത്തും രാഷ്ട്രീയകാര്യങ്ങൾ പുറത്ത് വന്നിരുന്നു.
2011ൽ യുഡിഎഫ് അധികാരത്തിലെത്തുന്ന സമയം പ്രധാനപ്പെട്ട ചുമതലകൾ വീതംവെക്കാൻ എഗ്രൂപ്പും ഐ ഗ്രൂപ്പും തീരുമാനിച്ചിരുന്നു. എന്നാൽ ഉമ്മൻചാണ്ടി അതിന് വഴങ്ങാതെ നിൽക്കുന്ന സമയത്താണ് ഞാൻ ഇതിലേക്ക് എത്തിപ്പെടുന്നത്. ഗണേഷ്‌കുമാറുമായി ഒരു ബന്ധം ഉണ്ടായിരുന്നുവെന്ന് അന്നത്തെ ചീഫ് വിപ്പ് മനസ്സിലാക്കിയിരുന്നു. അതുവഴിയാണ് തന്നെ ഇതിലേക്ക് വലിച്ചിട്ടത്.
2013ലാണ് സോളാർ കേസ് വരുന്നത്. ജൂലൈ 20ന് ഞാൻ പീഡനത്തെ പറ്റി പരാതി നൽകി. എന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയും കുഞ്ഞുങ്ങളെവെച്ച് ബ്ലാക്ക് മെയിൽ ചെയ്തും എന്റെ മൊഴി മാറ്റിച്ചത് യു.ഡി.എഫാണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഉൾപ്പടെ എന്റെ അമ്മയുടെ അടുത്ത് നേരിട്ട് സംസാരിച്ചതുകൊണ്ടാണ് ജയിലിനുള്ളിൽ വെച്ച് മൊഴി തിരുത്തേണ്ടി വന്നത്. 2015ൽ എന്റെ വീഡിയോകൾ നാട് മുഴുവൻ കോൺഗ്രസ് പ്രചരിപ്പിച്ചു. എന്നെങ്കിലും ഒരിക്കൽ ഈ വിഷയങ്ങൾ പുറത്തുവന്നാൽ പൊതുസമൂഹത്തിന് മുന്നിൽ ഞാനൊരു മോശം സ്ത്രീയാണെന്ന ഇമേജ് ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു അത്. ഉമ്മൻ ചാണ്ടി എന്ന നമ്മുടെ മുൻമുഖ്യമന്ത്രിയെ വേട്ടയാടിയത് കോൺഗ്രസുകാർ തന്നെയാണ് എന്ന് മനസിലാകും. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഇത് പുറത്തുകൊണ്ടുവരുകയും, അതിലൂടെ ആഭ്യന്തരം ഉൾപ്പടെയുള്ള സ്ഥാനമാനങ്ങൾ കിട്ടി കഴിഞ്ഞപ്പോൾ അവർ അത് ഒതുക്കാൻ ശ്രമിക്കുകയും ചെയ്തു. അതിന് വേണ്ടി ജയിലിൽ ഉണ്ടായിരുന്ന എനിക്ക് മേൽ സമ്മർദ്ദം ചെലുത്തുകയും കുടുംബത്തെ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്തുവെന്നും സരിത ആരോപിച്ചു.